മൈക്ക് ഓഫായപ്പോൾ പകരം മൂർഖനെ ‘മൈക്കാ’ക്കി വാവ സുരേഷ്; വിവാദം

0
220

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖനെ മൈക്കാക്കി ഉപയോ​ഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. പരിപാടിക്കിടെ മൈക്ക് ഓഫായപ്പോൾ പകരം പാമ്പിനെ വാവ സുരേഷ് ഉപയോ​ഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. മെഡിക്കൽ കോളേജ് ക്ലിനിക്കൽ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തിയ പരിപാടിയിലാണ് വാവ സുരേഷ് ക്ലാസ് എടുത്തത്. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയമായ മാർ​ഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദ​ഗ്ധർ വിമർശിച്ചു. വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് വാവ സുരേഷ് എന്നും വിമർശനമുയർന്നു. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്.

നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂരിൽ വെച്ച് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റിരുന്നു. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളോജിലേക്കും മാറ്റി. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘത്തിന്റെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here