ഫിഫ ലോകകപ്പ്: ഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

0
212

അബുദാബി : ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച യുഎഇ പ്രസിഡന്റ് എല്ലാ ആശംസകളും കൈമാറി.

ലോകകപ്പിന് എല്ലാവിധ ആശംസകളും അറിയിക്കുന്നെന്നും ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ യുഎഇയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനും അറബ് ലോകത്തിനും ഇത് മികച്ച നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ പിന്തുണയ്ക്ക് ശൈഖ് സായിദിന് ഖത്തര്‍ അമീര്‍ നന്ദി അറിയിച്ചു. യുഎഇ പ്രസിഡന്റിന് ആരോഗ്യവും രാജ്യത്തിന് പുരോഗതിയും അദ്ദേഹം നേര്‍ന്നു.

ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തറിനെ അഭിനന്ദിച്ചിരുന്നു. തനിക്ക് ലഭിച്ച സ്വീകരണത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം പ്രത്യേകം സന്ദേശം അയച്ചു.

“എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറ‌ഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘടനത്തിന് നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു” – മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേര്‍ന്ന അദ്ദേഹം ഖത്തറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്നും ആശംസിച്ചു.

ലോകകപ്പ് സംഘാടത്തിന് ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയുമായി ടീമിന്റെ സ്‍കാര്‍ഫ് അണി‌ഞ്ഞാണ് സൗദി കിരീടാവകാശി ഗ്യാലറിയിലിരുന്നത്.  നേരത്തെ ഖത്തര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here