കണ്ണൂര്‍: ആരുപറഞ്ഞു നിര്‍ത്തിയെന്ന്…സില്‍വര്‍ ലൈനില്‍ നിന്ന് കേരളം (തത്കാലം) പിന്മാറിയിട്ടും കെ റെയിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അതിവേഗം കുതിക്കുകയാണ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ അടക്കം പുതിയ പോസ്റ്റ് വന്നത്. സില്‍വര്‍ലൈന്‍ ഉടന്‍ വരുമെന്നാണ് അപ്ഡേറ്റ്. ഈ തള്ളിനൊക്കെ പരസ്യത്തുക ഖജനാവില്‍നിന്ന് എടുക്കുമല്ലേ എന്നതടക്കം രൂക്ഷമായ ട്രോളുകള്‍ പേജിലുണ്ട്. കേരളം കുതിക്കട്ടെ സില്‍വര്‍ലൈന്‍ എന്ന ടാഗില്‍ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്.
കല്ലിടല്‍ നിര്‍ത്തിയെന്ന് ചായക്കട സംഭാഷണത്തില്‍ പറയുന്നു. പദ്ധതി തന്നെ ഇനി നിര്‍ത്തുമോ എന്ന ചോദ്യത്തിനാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ മേന്മകള്‍ മറുപടിയായി പറയുന്നത്. കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്ക് നാലുമണിക്കൂര്‍ മതിയെന്നത് തന്നെയാണ് ഇതില്‍ പ്രധാനം. പതിയെ പോകുന്ന ഒരു തീവണ്ടിയും വീഡിയോ ഫ്രെയിമില്‍ കാണാം.
“അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ…… പദ്ധതി മരവിപ്പിച്ച് ഉത്തരവായി, എന്നിട്ടും പരസ്യവുമായി ഇറങ്ങിയിരിക്കുന്നു” – ഇങ്ങനെ, കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിറയെ രൂക്ഷ കമന്റുകളാണ്. കൂടെ ബാറ്റ് ചെയ്തവരെല്ലാം റണ്ണൗട്ടായിട്ടും ഗ്രൗണ്ടില്‍തന്നെ പ്രതീക്ഷയോടെ ഇരിക്കുന്ന അഡ്മിന്‍ ആണെന്റെ ഹീറോ. നിറയെ പരിഹാസവുമുണ്ട്. ഇങ്ങനെ ദിവസവും ന്യായീകരണം ഇറക്കിയാല്‍ എത്ര രൂപ ശമ്പളം കിട്ടുമെന്നതാണ് മറ്റൊരു ചോദ്യം. ഇത്രയുമായിട്ടും തള്ളിന് ഒരു കുറവുമില്ല, ഈ തള്ളിനൊക്കെ ഖജനാവില്‍ നിന്നല്ലേ എടുക്കുന്നെ എന്നും ആളുകൾ ചോദിക്കുന്നു. ചില ട്രോളുകള്‍ക്ക് മറുപടിയും പേജില്‍ത്തന്നെ ചിലര്‍ നല്‍കുന്നുണ്ട്. ഈ സാമ്പാര്‍ തിളച്ചു വറ്റുംവരെ തീ കുറയ്ക്കരുത് എന്നുപറഞ്ഞ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരെയും കാണാം.