അനാവശ്യമായ കച്ചവട ഫോൺവിളികളും എസ്.എം.എസും നിയന്ത്രിക്കാൻ കർശന നടപടികളുമായി ട്രായ്

0
174

ന്യൂഡൽഹി: കച്ചവടതാത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കാൻ കർശന നടപടികളുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായി ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി)സംവിധാനം കർശനമാക്കും.

എല്ലാ വാണിജ്യസ്ഥാപനങ്ങളും ടെലിമാർക്കറ്റുകാരും ഡി.എൽ.ടി.യിൽ രജിസ്റ്റർ ചെയ്യുകയും ഫോൺ വിളിക്കാനും സന്ദേശമയക്കാനും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നാണ് വ്യവസ്ഥ. ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങൾ അയക്കാനും ഫോൺ ചെയ്യാനും പാടൂ. 2,50,000 സ്ഥാപനങ്ങൾ ഡി.എൽ.ടി. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റുകാരെക്കുറിച്ചുള്ള പരാതികൾ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെങ്കിലും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്. അനാവശ്യ സന്ദേശങ്ങളെപ്പോലെ ഇത്തരം ഫോൺവിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടി.

ടെലികോം സേവനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പ് തടയുന്നതിന് സംയുക്ത നടപടി തയ്യാറാക്കാൻ ഒരു സമിതി ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രായ്, റിസർവ് ബാങ്ക്, സെബി, ഉപഭോക്തൃ മന്ത്രാലയം എന്നിവയുൾപ്പെട്ടതായിക്കും ഈ സമിതി.

LEAVE A REPLY

Please enter your comment!
Please enter your name here