നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും; പദ്ധതിയുമായി ട്രായ്

0
248

പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനുള്ള പ്രതിവിധിയായി മിക്കവരും ‘ട്രൂ കോളര്‍’ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).

ഫോണിലേയ്ക്ക് ഒരു കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ തെളിയുന്ന വിധത്തിലുള്ള ക്രമീകരണം നടപ്പിലാക്കാനാണ് ട്രായ് ഒരുങ്ങുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരുടെ പക്കലുള്ള കെ.വൈ.സി രേഖകള്‍ വച്ചാകും ഇത് നടപ്പിലാക്കുക. സേവന ദാതാക്കള്‍ കൃത്യമായി ഈ പ്രക്രിയ ചെയ്തിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് കെ.വൈ.സി രേഖകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനും സാധിക്കും. വ്യാജ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നതും ഒരു പരിധി വരെ തടയാനാകും. വാട്‌സാപ്പ് പോലുള്ള മെസഞ്ചറുകളിലും സമാന രീതി നടപ്പിലാക്കിയേക്കും.

ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും. അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും നിരവധി പരാതി ഉയര്‍ന്നിട്ടും വാണിജ്യാടിസ്ഥാനത്തില്‍ വരുന്ന സ്പാം കോളുകള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ട്രായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, ട്രായുടെ നീക്കത്തിനെതിരെ ചെറിയ രീതിയിലുള്ള എതിര്‍പ്പും ഉയരുന്നുണ്ട്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദമാണ് ഉയരുന്നത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാകും ട്രായ് മുന്നോട്ടുപോവുക.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയശേഷം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് ട്രായ് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാകും അന്തിമതീരുമാനം എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here