ടാറ്റ കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം

0
259

ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ്‌ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്.

2020 ഒക്ടോബർ 26-നാണ് ടാറ്റ ആസ്പത്രിയിൽ കോവിഡ് ചികിത്സ തുടങ്ങിയത്. കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നിൽ താഴെ രോഗികൾ വീതമാണ് ആസ്പത്രിയിലുണ്ടായിരുന്നത്.

രണ്ട്‌ ഡോക്ടർമാരുൾപ്പെടെ 20-ലധികം ജീവനക്കാരാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇവരെ കൂടി മാറ്റുന്നതോടെ ആശുപത്രി പൂട്ടേണ്ടിവരും.

‌തെക്കൽ ജില്ലകളിൽനിന്ന് ഇവിടെ ജോലിക്കെത്തിയവരെ അടുത്തിടെ സ്വന്തം നാടുകളിലേക്ക് ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരുകോടിയിലേറെ വിലവരുന്ന ഉപകരണങ്ങൾ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലേക്ക് നേരത്തേ മാറ്റുകയും ചെയ്തു. നാല് വെന്റിലേറ്ററുകളും ഐ.സി.യു. കിടക്കകളും ഉൾപ്പെടെയുള്ള ബാക്കി സംവിധാനങ്ങളും ലാബ് ഉപകരണങ്ങളും താമസിയാതെ ജില്ലയിലെ മറ്റു ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 പേർ ജോലിചെയ്തിരുന്ന ആശുപത്രിയിലെ 170-ഓളം ജീവനക്കാരെ കോവിഡിന്റെ തീവ്രഘട്ടം പിന്നിട്ടതോടെ മറ്റിടങ്ങളിലേക്ക് പുനർവിന്യസിച്ചു. ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയെ മെഡിക്കൽ ആൻഡ് അലൈഡ് സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ നടപടി വേണമെന്ന് ജൂണിൽ ചേർന്ന ജില്ലാതലയോഗം സർക്കാറിന് നിർദേശം സമർപ്പിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുകയാണ്.ഉപകരണങ്ങൾ മാറ്റുന്നത് തുരുമ്പിക്കാതിരിക്കാൻ ടാറ്റ ആശുപത്രിയിലെ ഉപകരണങ്ങൾ മാറ്റുന്നത് അവിടെ ഇപ്പോൾ ആവശ്യമില്ലാത്തുകൊണ്ടാണ്. ആശുപത്രി പൂട്ടാനല്ല. ഉപകരണങ്ങൾ ഉപയോഗിക്കാതെ വെച്ചാൽ തുരുമ്പെടുക്കും. ടാറ്റ ആസ്പത്രിയിൽ പുതിയ ചികിത്സാസംവിധാനം നടപ്പാക്കിയാൽ ഉപകരണങ്ങൾ തിരികെ എത്തിക്കും.

എ.വി.രാംദാസ് , ജില്ലാ മെഡിക്കൽ ഓഫീസർ

പാഴാകുമോ ഈ സംവിധാനങ്ങൾ

മയിലാട്ടി 220 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിയെത്തുന്ന എ.ബി.സി. ലൈൻ നൂറ് രോഗികൾക്ക് ഒരേസമയം പ്രാണവായു നൽകാവുന്ന സെൻട്രലൈസ്‌ഡ് ഓക്സിജൻ യൂണിറ്റ് (ഒരുദിവസം പോലും ഇത് രോഗികൾക്കായി പ്രവർത്തിച്ചിട്ടില്ല) നൂറിലേറെ എയർ കണ്ടീഷണറുകൾ റോഡ്, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസംവിധാനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here