കാട്ടിൽ ലൈംഗിക ബന്ധത്തിനിടെ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊല; ഉദയ്പുരിൽ ദുർമന്ത്രവാദി പിടിയിൽ

0
253

ജയ്പുർ∙ കാട്ടിൽ ലൈംഗിക ബന്ധത്തിനിടെ സൂപ്പർ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്‌ധി വനമേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയുമാണ്‌ (31) നഗ്നരായി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവരും മറ്റ് ആളുകളെ വിവാഹം കഴിച്ചിരുന്നവരാണെന്നും വിവാഹേതര ബന്ധമാണിതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയിൽ 200ൽപരം ആളുകളെ ചോദ്യം ചെയ്തു. അൻപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിലാണ് ദുർമന്ത്രവാദിയായ ഭലേഷ് ജോഷിയിലേക്ക് എത്തുന്നത്.

ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ സ്ഥിരമായി ഭലേഷ് ജോഷിയെ സന്ദർശിക്കാനെത്തിയിരുന്നു. ദുർമന്ത്രവാദത്തിനായി പല സാധാരണക്കാരും ജോഷിയെ സമീപിച്ചിരുന്നു.

∙ കൊലപാതകം ഇങ്ങനെ

ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തിൽ വച്ചാണ് രാഹുലും സോനും കണ്ടുമുട്ടിയതും ബന്ധം ആരംഭിച്ചതും. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകൾക്കായി ചെല്ലുമായിരുന്നു. രാഹുലുമായുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചു. രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോടു പറഞ്ഞു.

ഇതറിഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ജോഷി ശ്രമിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്നാണ് ജോഷി ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. അതിനായി 15 രൂപയുടെ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന 50 സൂപ്പർ ഗ്ലൂ ട്യൂബുകൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ചുവച്ചു.

നവംബർ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു. അവരുടെ പ്രശ്നങ്ങൾ മാറാൻ ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ ആവശ്യപ്പെട്ടു. എന്നിട്ട് ഇയാൾ സ്ഥലത്തുനിന്നു മാറി. രാഹുലും സോനുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ ഇയാൾ തിരിച്ചെത്തി ഇവരുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. പിന്നാലെ രാഹുലിന്റെ കഴുത്ത് അറുത്ത ജോഷി, സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

വനത്തിനുള്ളിലെ റോഡിൽനിന്ന് 300 മീറ്റർ മാറിയായിരുന്നു പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൂപ്പർ ഗ്ലൂവിന്റെ പശയിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈനഖത്തിന്റെ ഇടയിൽനിന്ന് സൂപ്പർ ഗ്ലൂ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ജോഷിയുടെ താരപരിവേഷം വച്ച് നിരവധിപ്പേർ ഇയാളെ കേസിൽനിന്ന് പുറത്തിറക്കാൻ സമീപിച്ചെന്നും എന്നാൽ ഇത്രയും ക്രൂരത നിറഞ്ഞ കേസ് ആണെന്നു കേട്ടതോടെ മടങ്ങിപ്പോയെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here