കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണം, യഥാസമയത്ത് വിട്ട് നല്‍കണം: സുപ്രീംകോടതി

0
215

ദില്ലി:  നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്.  പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ പൊലീസ്, എക്സൈസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളുടെ ശവപ്പറമ്പ് കൂടിയാണ്.

കെട്ടികിടന്ന് നശിച്ച് പോയ വാഹനങ്ങൾ പിന്നീട് കള്ളന്മാർ കൊണ്ട് പോയ സംഭവങ്ങളും നടന്നിട്ടുണ്ട്. ഏതായാലും കേരളത്തിൽ മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ലഹരി കേസിൽ പിടികൂടിയ സ്വിഫറ്റ് കാറാണ് സുപ്രീം കോടതിയുടെ ചില നീരീക്ഷണങ്ങൾക്ക് കാരണം. ഈ വർഷം ജനുവരിയിലാണ് കാറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയിൽ നിന്ന് പൊലീസ് ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിൽ നിന്ന് ലഹരി കൈവശം വച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിവ് പോലെ വാഹനവും പൊലീസ് കസ്റ്റഡിയിലായി.

എന്നാൽ, കേസിന്‍റെ നടപടി ക്രമങ്ങൾ കഴിഞ്ഞിട്ടും വാഹന തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് വാഹനത്തിന്‍റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ വിചാരണ കോടതിയെയും ഹൈക്കോടതിയെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും അനൂകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഏതായാലും ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ച് വാഹനം എത്രയും വേഗം വിട്ടുനൽകാൻ നിർദ്ദേശം നൽകി.

കൂടാതെ നടപടിക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നും വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവോടെ  ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 -ലെ കേരള  ഹൈക്കോടതി ഉത്തരവ് ഇതോടെ റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകരായ മനോജ് ജോർജ്ജ്, പ്രശാന്ത് കുളമ്പിൽ, ജൂനൈസ് പടലത്ത് എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കർ, ആലിം അൻവർ എന്നിവർ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here