‘ആരാധന അതിന്റെ സമയത്ത് നടക്കും, സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല’; സമസ്തയെ തള്ളി കായിക മന്ത്രി

0
385

തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളി കായിക മന്ത്രി വി.അബ്ദുറഹ്മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല.സ്‌പോർട്‌സ് വേറെ മതം വേറെ. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. താരാരാധാന കായിക പ്രേമികളുടെ വികാരമാണ്’. മതം അതിന്‍റെ വഴിക്കും സ്പോട്സ് അതിന്‍റെ വഴിക്കും പോകട്ടെയെന്നു അദ്ദേഹം വ്യക്തമാക്കി.

ഫുട്ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു സമസ്ത നല്‍കിയ നിര്‍ദേശം. അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നല്കിയ സർക്കുലറിലുണ്ടായിരുന്നത്. ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളികളില്‍ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നല്‍കാന്‍ സംഘടന തീരുമാനിച്ചത്.

അതേസമയം, വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി എസ്‌.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖതീബുമാർക്ക് നൽകിയ പ്രസംഗനോട്ടിൽ പോർച്ചുഗലിനെ പരാമർശിച്ചത് സിംബൽ മാത്രമാണെന്നും എല്ലാ രാജ്യത്തോടും താരത്തോടും ഈ വിഷയത്തിൽ സമദൂരം മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സമസ്ത നിർദേശത്തെ തള്ളി മന്ത്രി വി. ശിവന്‍കുട്ടിയും ലീഗ് നേതാവ് എം.കെ മുനീറും നേരത്തെ രംഗത്തെത്തിയിരുന്നു. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്കുമേല്‍ കൈകടത്താൻ ആർക്കും അധികാരമില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഈ കാലഘട്ടത്തില്‍ ഫുട്‌ബോളിനെ എല്ലാവരും ആവേശത്തോടെ കാണുന്നുണ്ട്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്ന് എം.കെ മുനീറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here