യുഎഇയില്‍ ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

0
224

അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍ ആരോപിച്ചു.

യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ ‘നാഫിസ്’ വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതുപ്രകാരം മാസ ശമ്പളം 30,000 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. ബിരുദ ധാരികള്‍ക്ക് മാസം 7000 ദിര്‍ഹവും ഡിപ്ലോമയുള്ള വര്‍ക്ക് 6000 ദിര്‍ഹവും ഹൈസ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മാസം 5000 ദിര്‍ഹവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള അലവന്‍സും ജോലി നഷ്ടമായാല്‍ താത്‍കാലിക ധനസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും.

എന്നാല്‍ ജോലിക്ക് പരിഗണിക്കുന്ന സ്വദേശികളോട് ചില സ്വകാര്യ കമ്പനികള്‍, അവര്‍ക്ക് സര്‍ക്കാറിന്റെ ‘നാഫിസ്’ പ്രോഗ്രാമില്‍ നിന്ന് അധിക പണം ലഭിക്കുമെന്ന് അറിയിക്കുകയും, കമ്പനിയിലെ അവരുടെ ശമ്പളം അതിനനുസരിച്ച് കുറയ്ക്കുകയും ചെയ്യുന്നതായാണ് അധികൃതര്‍ ആരോപിക്കുന്നത്. ഇത്തരം അധിക്ഷേപങ്ങളെ ശക്തമായി നേരിടണമെന്നും യഥാവിധത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ആവശ്യപ്പെട്ടു.

‘നാഫിസ്’ പദ്ധതി ഉള്‍പ്പെടെ യുഎഇയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലും ബാങ്കിങ് മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികള്‍ക്കായുള്ള വേതന സുരക്ഷാ പദ്ധതി വ്യാപിപ്പിക്കുമെന്ന് അടുത്തിടെ യുഎഇ ഭരണകൂടം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here