‘ഇനി അയാളുടെ കാലമാണ്’; സൂര്യകുമാറിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറല്‍

0
202

ബേ ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് അയാളുടെ കാലമാണ്, ലോക വേദിയില്‍ തന്നെയും. 2021ല്‍ മാത്രം രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ലോക ഒന്നാം നമ്പര്‍ പദവിയുമായി സ്വപ്‌ന ഫോമില്‍ ബാറ്റ് വീശുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വീണ്ടും വൈറലായിരിക്കുകയാണ്.

ചെന്നൈയിൽ ബിസിസിഐ അവാർഡുകൾ പൂർത്തിയായി. കുറച്ച് അതിശയിപ്പിക്കുന്ന താരങ്ങള്‍ വരുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ് എന്നുമായിരുന്നു 2011 ഡിസംബര്‍ 10ന് രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. രോഹിത് ശര്‍മ്മയുടെ പ്രവചനം ശരിവച്ച് രാജ്യാന്തര ക്രിക്കറ്റില്‍ വിസ്‌മയ പ്രകടനം തുടരുകയാണ് സ്കൈ. രോഹിത്തിന്‍റെ പഴയ ട്വീറ്റ് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സും നിരവധി ആരാധകരും ട്വിറ്ററില്‍ പങ്കുവെച്ചു. രോഹിത് ശര്‍മ്മയുടെ ദീര്‍ഘവീക്ഷണത്തെ ഏവരും പ്രശംസിക്കുന്നു.

നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ ട്വന്‍റി 20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി 20യില്‍ മിന്നും സെഞ്ചുറിയുമായി സൂര്യകുമാര്‍ തന്‍റെ ക്ലാസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. മൂന്നാമനായി ക്രീസിലെത്തിയ താരം 51 പന്തില്‍ 11 ഫോറും ഏഴ് സിക്‌സുകളും സഹിതം പുറത്താവാതെ 111 റണ്‍സെടുത്തു. സൂര്യയുടെ രണ്ടാം അന്താരാഷ്‌ട്ര സെഞ്ചുറിയാണിത്. മത്സരം ഇന്ത്യ 65 റണ്‍സിന് വിജയിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

അന്താരാഷ്‌ട്ര ടി20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ വര്‍ഷമാണിത്. കരിയറിലാകെ 39 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ 45.0 ശരാശരിയിലും 181.64 സ്ട്രൈക്ക് റേറ്റിലും 1395 റണ്‍സ് നേടി. രണ്ട് ശതകം ഉള്ളപ്പോള്‍ 12 ഫിഫ്റ്റിയും പേരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here