കേരളത്തില്‍ നിന്ന് സഞ്ജുവിന് ശേഷം രോഹന്‍! ഐപിഎല്‍ ടീമുകള്‍ പൊക്കികൊണ്ട് പോയാലും അത്ഭുതപ്പെടാനില്ല

0
213

ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കേരളത്തിന്റെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍. കഴിഞ്ഞ ദിവസം രോഹന്റെ സെഞ്ചുറി കരുത്തില്‍ കേരളം ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം മറികടന്നു. സച്ചിന്‍ ബേബി (53) പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗോവയെ മൂന്ന് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയാണ് തകര്‍ത്തത്. 69 റണ്‍സ് നേടിയ ദര്‍ശന്‍ മിഷാലാണ് ഗോവയുടെ ടോപ് സകോറര്‍. കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കേരളം, അരുണാചല്‍ പ്രദേശിനെതിരെ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു.

വിജയ് ഹസാരെയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രോഹന്‍ 50ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നത്. നേരത്തെ, അരുണാചലിനെതിരെ കേവലം 28 പന്തില്‍ 77 റണ്‍സ് അടിച്ചെടുക്കാന്‍ രോഹനായിരുന്നു. 13 ബൗണ്ടറികളും മൂന്നു സിക്സറുകളും ഇതിലുള്‍പ്പെടും. അരുണാചലിനെതിരെ നിര്‍ത്തിയിടത്ത് നിന്നാണ് രോഹന്‍ തുടങ്ങിയത്. 101 പന്തുകളില്‍ നിന്നാണ് താരം 134 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്സും 17 ഫോറും ഉള്‍പ്പെടും. രോഹന്‍ നേടിയ 92 റണ്‍സും ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു. നേരത്തെ, ഹരിയാനയുമായിട്ടുള്ള ആദ്യമത്സരം മുടക്കിയിരുന്നു. 48 ബോളുകളില്‍ നിന്നും മൂന്നു ബൗണ്ടറികളടക്കം 28 റണ്‍സുമായി താരം ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഇതോടെ മത്സരവും ഉപേക്ഷിക്കപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്തണ് രോഹന്‍. മൂന്ന് ഇന്നിംഗ്‌സുകളില്‍ 239 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

നേരത്തെ ദുലീപ് ട്രോഫിയിലും തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹന്‍. സൗത്ത് സോണിനായി കളിച്ച രോഹന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു. നാല് ഇന്നിംഗ്‌സുകളില്‍ 344 റണ്‍സാണ് കോഴിക്കോട്ടുകാരന്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. നോര്‍ത്ത് സോണിനെതിരെ നേടിയ 143 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതേ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 77 റണ്‍സ് നേടാനും രോഹനായി. ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ 31, 93 എന്നിങ്ങനെയായിരുന്നു രോഹന്റെ സ്‌കോര്‍. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടേയും ഇന്ത്യന്‍ സെലക്റ്റര്‍മാരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് താരം. ഇത്തവണ ഐപിഎല്‍ കളിക്കാന്‍ രോഹനുണ്ടാവുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അത്തരത്തിലാണ് ട്വീറ്റുകള്‍ കാണുന്നതും. ചില ട്വീറ്റുകള്‍ വായിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here