‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം

0
507

ക്രൈസ്റ്റ് ചര്‍ച്ച്: ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്‍കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും പാഴാക്കുന്ന പന്തിനെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. പന്ത് ടെസ്റ്റില്‍ മികച്ച താരം തന്നെയാണ്. അദ്ദേഹം ഇന്ത്യക്കായി വിലപ്പെട്ട ഇന്നിംഗ്സുകള്‍ കളിച്ചിട്ടുമുണ്ട്. എന്നാല്‍, പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിലവിലെ ഫോം കൂടെ നോക്കുമ്പോള്‍ പന്തിനെ എന്തിന് കളിപ്പിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ്‍ പുറത്തിരിക്കുമ്പോഴാണ് പന്തിന് അവസരങ്ങള്‍ ലഭിച്ച് കൊണ്ടേയിരിക്കുന്നത്.

ആറ് ബൗളിംഗ് ഓപ്ഷന്‍ വേണമെന്ന ന്യായമാണ് സഞ്ജുവിനെ പുറത്തിരുത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് മുന്നോട്ടുവയ്ക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തില്‍ സ്ഥാനം നഷ്ടമായിരുന്നു. സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് കളിച്ചത്. നായകന്‍ ശിഖര്‍ ധവാന്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെ: ” സഞ്ജു ഇന്ന് കളിക്കുന്നില്ല. ഒരു ആറാം ബൗളര്‍ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും.” ധവാന്‍ പറഞ്ഞു.

ആറാം ബൗളറായി ദീപക് ഹൂ‍ഡയെ കളിപ്പിക്കുന്നത് മനസിലാക്കാമെങ്കിലും പരാജയപ്പെട്ടിട്ടും പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെയുള്ള ട്വന്‍റി 20 പരമ്പരയില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. ഏകദിനത്തില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി 25 റണ്‍സാണ് സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്‍റെ പേരില്‍ ഇല്ല. 44 റണ്‍സാണ് ടോപ് സ്കോര്‍. എന്നിട്ടും താരത്തിന് ടീം മാനേജ്മെന്‍റ്  അവസരം നല്‍കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here