ഫുട്ബോള്‍ ലോകകപ്പ്: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 400-500 പേരെന്ന് സ്ഥിരീകരിച്ച് ഖത്തര്‍

0
269

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍. ഇതാദ്യമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ ഖത്തര്‍ തയാറാവുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സന്‍ അല്‍ തവാദിയാണ് തൊഴിലാളികളുടെ മരണസംഖ്യ സ്ഥിരീകരിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ലോകകപ്പിനായുള്ള സ്റ്റേഡിയം, മെട്രോ റെയില്‍, മറ്റ് അടിസ്ഥാന സൗകര്യം വികസനം എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ് താങ്കള്‍ കരുതുന്നതെന്ന് പിയേഴ്സ് മോര്‍ഗന്‍ ചോദിച്ചപ്പോഴാണ് അല്‍ തവാദി 400നും 500നും ഇടയില്‍ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ കൃത്യമായ കണക്കുകള്‍ തന്‍റെ കൈയിലില്ലെന്നും വ്യക്തമാക്കിയത്.

ലോകകപ്പിനോട് അനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിക്കുന്നതും അവരോടുള്ള മനുഷ്യത്വരഹതിമായ സമീപനങ്ങളും പാശ്ചാത്യലോകത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2014 മുതല്‍ 2021വരെയുള്ള കാലയളവില്‍ സ്റ്റേഡിയം നിര്‍മാണം, മെട്രോ റെയില്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത 40 കുടേയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഇതുവരെ ഖത്തര്‍ അംഗീകരിച്ച കണക്ക്.

ഇതില്‍ തൊഴില്‍ സ്ഥലത്തെ അപകടങ്ങളില്‍ മൂന്ന് പേരും ഹൃദയാഘാതം പോലുള്ള അപ്രതീക്ഷിത സംഭവങ്ങളില്‍ 37പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ അല്‍ തവാദി അഭിമുഖത്തില്‍ പറയുന്നത് സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മാത്രം 400-500 പേര്‍ മരിച്ചുവെന്നാണ്. ഒരു മരണമായാലും അതില്‍ കൂടുതല്‍ മരണമായാലും അത് മരണമാണെന്നും തവാദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 2010ലാണ് ലോകകപ്പ് ആതിഥേയത്വം ഫിഫ ഖത്തറിന് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here