മാധ്യമ മേഖലയിലെ പ്രതിപക്ഷശബ്ദത്തിനും അന്ത്യം; പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു; എന്‍ഡിടിവി പിടിച്ചടക്കി അദാനി ഗ്രൂപ്പ്

0
229

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍(ആര്‍.ആര്‍.പി.ആര്‍.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രി 11നാണ് ഇരുവരും രാജിക്കാര്യം കമ്പനിയെ അറിയിച്ചത്.

രാജിവെച്ചെങ്കിലും പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എന്‍.ഡി.ടി.വിയില്‍ തുടര്‍ന്നും ഉണ്ടാകും. ഇന്നലെ നടന്ന ആര്‍.ആര്‍.പി.ആര്‍.എച്ചിന്റെ യോഗത്തിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. കമ്പനി ബോര്‍ഡ് രാജി അംഗീകരിച്ചിട്ടുണ്ട്. സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്ന ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായും ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് നിയമിച്ചു. സി.എന്‍.ബി.സി അവാസ് ചാനലിന്റെ എഡിറ്ററും സി.ഇ.ഒയുമാണ് പുതിയ കമ്പനി ഡയറക്ടറായെത്തിയ പുഗാലിയ. കേന്ദ്ര സര്‍ക്കാരിന്റെ പല വികല നയങ്ങളെയും തുറന്നു കാട്ടിയ ചാനലാണ് എന്‍ഡിടിവി. ചാനല്‍ അദാനി സ്വന്തമാക്കിയതോടെ ആ പ്രതിപക്ഷ ശബ്ദവും നിലയ്ക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ന്യൂഡല്‍ഹി ടെലിവിഷന്റെ (എന്‍ഡിടിവി) പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തുന്നത്. എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഈ നീക്കത്തിന് സെബി ഇപ്പോള്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പ്രണോയ് റോയിയും രാധിക റോയിയും ചാനല്‍ വിട്ടിറങ്ങുന്നത്. ആഗസ്റ്റില്‍ 29.8 % ഓഹരികള്‍ കരസ്ഥമാക്കിയതിന് പിന്നാലെ എന്‍ഡിടിവിയുടെ 26% ഓഹരികള്‍ കൂടി അദാനി വാങ്ങും.

അദാനി ഗ്രൂപ്പിന് ഒപ്പം, വിശ്വപ്രദാന്‍ കൊമ്മേര്‍ഷ്യല്‍ നെറ്റ്വര്‍ക്ക്(വി സി പി എല്‍ ), എ എം ജി മീഡിയ എന്നിവര്‍ ചേര്‍ന്നാണ് 1.67 കോടി ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ആദ്യ ഓഫര്‍ വെച്ചതിന്റെ കാലാവധി നവംബര്‍ ഒന്നിന് കഴിഞ്ഞിരുന്നു. ഒരു ഓഹരിക്ക് 294 രൂപ നിരക്കിലാണ് വാങ്ങുന്നത്. പുതിയ ഓഫര്‍ കാലാവധി നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചുവരെ യാണ്. പൊതു നിക്ഷേപകര്‍ക്ക് 38.55 % ഓഹരി വിഹിതം ഉണ്ട്.

ആഗസ്റ്റില്‍ അദാനി ഗ്രൂപ് വി സി പി എല്‍ വാങ്ങി. വി സി പി എല്ലാണ് 2009 -10 ല്‍ 403 കോടി രൂപ പ്രണോയി റോയിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍ഡിടിവിക്ക് വാറണ്ടുകള്‍ക്ക് പകരമായി നല്‍കി. ഇത് പിന്നീട് 29.18 % ഓഹരികള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. അദാനി 26 % ഓഹരികള്‍ കൂടി കരസ്ഥമാക്കിയാല്‍ എന്‍ ഡി ടി വി യുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ്‌സീന്റെ 100 % അടച്ച മൂലധനം സ്വന്തമാക്കും. ഓപ്പണ്‍ ഓഫര്‍ കൂടെ നടപ്പാവുന്നതോടെ എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിയുടെ കൈകളില്‍ എത്തും.

26 ശതമാനം ഓഹരികള്‍ കൂടി നേടിയെടുക്കുന്നതിനായി ഒരു ഓപ്പണ്‍ ഓഫര്‍ മുന്നോട്ടുവെയ്ക്കണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. റെഗുലേറ്ററി ബോര്‍ഡിന്റ തീരുമാനം വന്നതോടെ എന്‍ഡിടിവിയുടെ നിയന്ത്രണാധികാരത്തെ ചൊല്ലി അദാനി ഗ്രൂപ്പ് പ്രണോയ് റോയ്, രാധികാ റോയ് തര്‍ക്കം കൂടി അവസാനിക്കുകയാണ്.

2022 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം എന്‍ഡിടിവിയില്‍, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതില്‍ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം ഓഹരികളുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here