പിടികൂടി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവ് എലി തിന്നു എന്ന് പൊലീസ് കോടതിയിൽ

0
316

പൊലീസ് ​ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പൊലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇതുപോലെ എലികൾ ഇല്ലാതാക്കുകയാണ് എന്നാണ്.

നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്ന് പറഞ്ഞ ഉത്തർ‌ പ്രദേശ് പൊലീസ് ഇപ്പോൾ പുതിയൊരു കാര്യം കൂടി പറയുകയാണ്. മറ്റൊന്നുമല്ല, പൊലീസ് സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കഴിച്ചത്രെ. അതും ചില്ലറ അളവിലൊന്നുമല്ല എലികൾ കഞ്ചാവ് നശിപ്പിച്ചത്. രണ്ട് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവാണ് എലികൾ നശിപ്പിച്ച് തീർത്തത് എന്നാണ് പൊലീസ് പറയുന്നത്.

മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണത്രെ എലികൾ നശിപ്പിച്ചത്. മഥുരയിലെ ഒരു കോടതിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ​ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ ഹാജരാക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്.

പൊലീസ് സ്‌റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ്. കഞ്ചാവ് എലി നശിപ്പിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് മഥുര എസ്എസ്പി അഭിഷേക് യാദവിനോട് അവിടം എലിവിമുക്തമാക്കണമെന്നും കൂടാതെ ഈ 581 കിലോ കഞ്ചാവ് എലി കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആ എലികൾ വളരെ ചെറുതാണ് എന്നും പൊലീസിനെ പേടിയില്ലാ എന്നും കൂടി പൊലീസ് കോടതിയിൽ പറഞ്ഞു. പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കഞ്ചാവ് എലി നശിപ്പിച്ചു എന്ന് കോടതിയിൽ പറഞ്ഞു.

കേസ് ഇനി 26 -ന് കേൾക്കുമെന്നും അപ്പോഴേക്കും എലികൾ കഞ്ചാവ് നശിപ്പിച്ചു എന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here