കാസർകോട്: നീണ്ടകാലത്തെ മുറവിളിക്കൊടുവിൽ മഞ്ചേശ്വരത്തിനും കുമ്പളയ്ക്കുമിടയിൽ പുതിയൊരു പോലീസ് സ്റ്റേഷന് വഴിതെളിയുന്നു. ബായിക്കട്ട പള്ളം കേന്ദ്രമായി പൈവളിഗെ എന്ന പേരിൽ പുതിയ സ്റ്റേഷൻ തുടങ്ങാനുള്ള നടപടിയാണ് ദ്രുതഗതിയിൽ നടക്കുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപത് വില്ലേജുകളും കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ് വില്ലേജുകളും പുത്തിഗെ സ്റ്റേഷൻ പരിധിയിലേക്ക് മാറ്റാണ് പുതിയ ശുപാർശ.
ഉപ്പള, കൊടിബയൽ, ബേക്കൂർ, പൈവളിഗെ, ചിപ്പാർ, ബായാർ, മംഗൽപ്പാടി, കുബനൂർ, ഇച്ചിലംകോട്, കയ്യാർ, ഹേരൂർ, കൂടാൽമെർക്കള, മുളിഞ്ച, കുളൂർ, മീഞ്ച എന്നീ വില്ലേജുകളാണ് പുതിയ സ്റ്റേഷൻ പരിധിയിൽ ഉൾക്കൊള്ളിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
പള്ളത്ത് 30 സെന്റ് പോലീസ് സ്റ്റേഷനും 50 സെന്റ് എക്സൈസ് ഓഫീസിനുമായി കണ്ടെത്തിക്കഴിഞ്ഞു. അത് കൈമാറാനുള്ള കടലാസ് പണികൾ അതിവേഗം പുരോഗമിക്കുകയാണ്.
കേസൊഴിയാത്ത സ്റ്റേഷൻ
വാഹനാപകടങ്ങളും ക്രിമിനലുകളുടെ വിളയാട്ടവും ഏറെയുള്ള മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ പലവിധ പ്രയാസങ്ങളിൽ വലയുകയാണ് പോലീസുകാർ. കേരള കർണാടക അതിർത്തിയിൽ തീരദേശത്തോട് ചേർന്ന് 1938-ലാണ് മഞ്ചേശ്വരത്ത് പോലീസ് സ്റ്റേഷൻ നിലവിൽവന്നത്. കാലമിത്രയുമായിട്ടും അടിസ്ഥാന സൗകര്യത്തിലും മറ്റും കാര്യമായ മാറ്റമില്ലാതെ പരാധീനതകളിൽ വലയുകയാണ് വടക്കേ അറ്റത്തുള്ള ആ പോലീസ് സ്റ്റേഷൻ. അഞ്ച് പഞ്ചായത്തുകളും 27 വില്ലേജുകളും ഈ സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.
സാധാരണഗതിയിൽ ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നോ രണ്ടോ പഞ്ചായത്തുകളാണ് ഉണ്ടാവുക. മാത്രമല്ല, 35 കിലോമീറ്റർ പരിധിയുള്ള മറ്റൊരു സ്റ്റേഷൻ സംസ്ഥാനത്തിനകത്ത് വേറെയുണ്ടാകുമോയെന്ന കാര്യവും സംശയമാണ്.
പോലീസ് സ്റ്റേഷൻ പരിധിയിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന 15-ഓളം റോഡുകളുണ്ട്. എന്നാൽ, ഇവിടങ്ങളിൽ പോലീസ് ചെക് പോസ്റ്റ് ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
നിലവിൽ രണ്ടിടങ്ങളിൽ മാത്രമാണ് നിരീക്ഷണക്യാമറയുള്ളത്. ദേശീയപാതയിലുൾപ്പെടെ കുറ്റകൃത്യങ്ങൾ നടന്നാൽ ആക്രമികളെ പിടികൂടാൻ സ്വകാര്യ നിരീക്ഷണ ക്യാമറകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പോലീസ്.മഞ്ചേശ്വരത്തെയും കുമ്പളയിലെയും വില്ലേജുകൾ ഉൾപ്പെടുത്തിയാണ് പുതിയ സ്റ്റേഷൻ