ലുക്കില്‍ കിടിലന്‍ മേക്ക് ഓവര്‍, മൈലേജ് 40 കിലോമീറ്റര്‍; മാസ് എന്‍ട്രിക്കൊരുങ്ങി മാരുതി സ്വിഫ്റ്റ്

0
276

ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നത്.

28 കിലോമീറ്റർ ഇന്ധനക്ഷമത ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മൈലേജ് നൽകുന്ന എസ്.യു.വി. എന്ന ഖ്യാതി ഗ്രാന്റ് വിത്താര നേടിയത് പോലെ ഏറ്റവുമധികം മൈലേജുള്ള ഹാച്ച്ബാക്ക് എന്ന വിശേഷം സ്വിഫ്റ്റും സെഡാൻ എന്ന വിശേഷണം ഡിസയറും നേടുമെന്നാണ് വിവരം. 35 മുതൽ 40 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന സ്വിഫ്റ്റിനും ഡിസയറിനും നിർമാതാക്കളായ മാരുതി സുസുക്കി ഉറപ്പുനൽകുകയെന്നാണ് വിലയിരുത്തലുകൾ.

 

സാങ്കേതികവിദ്യയിൽ മാത്രമല്ല, ലുക്കിലും അൽപ്പം മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ബൊലേനൊയിലും മറ്റും നൽകിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, മസ്കുലർ ഭാവമുള്ള ബമ്പർ, ബ്ലാക്ക് ക്ലാഡിങ്ങ് അകമ്പടിയിൽ നൽകിയിട്ടുള്ള ഹെഡ്ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിക്കുകയെന്നാണ് വിവരം. ഡിസയറിന്റെയും മുഖം സമാനമായിരിക്കും.

ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നതോടെ ഈ വാഹനത്തിന്റെ വില വർധിക്കുമെന്ന ആശങ്കയും വേണ്ട. നിലവിലെ മോഡലിന്റെ വിലയിൽ നിന്ന് ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയോളം മാത്രമേ വർധിപ്പിക്കൂവെന്നാണ് വിലയിരുത്തലുകൾ. 35 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കാമെന്നാണ് അഭ്യൂഹങ്ങൾ. ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടില്ലെങ്കിലും മാരുതിയുടെ ഭാവി പദ്ധതിയിൽ ഇതും ഉണ്ടെന്നാണ് റിപ്പോർട്ട്.

മാരുതിയുടെ മൈൽഡ് ഹൈബ്രിഡ് മോഡലുകളിൽ നൽകിയിട്ടുള്ള 12V എസ്.എച്ച്.വി.എസ്. ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോൾട്ട് സെൽഫ് ചാർജിങ്ങ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഹൈബ്രിഡ് മോഡലിൽ നൽകുകയെന്നാണ് സൂചന. 48 വോൾട്ട് ലിഥിയം അയേൺ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ചേർന്നാണ് പുതിയ സംവിധാനത്തിൽ പ്രവർത്തിക്കുന്നത്. ഇത് കാർബൺ എമിഷൻ കുറയ്ക്കുകയും അധിക ടോർക്ക് ഉത്പാദിപ്പിക്കുകയും ചെയ്യും.

സ്വിഫ്റ്റിന്റെ ഹൈബ്രിഡ് മോഡൽ സുസുക്കിയുടെ ജന്മനാടായ ജപ്പാനിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ വാഹനത്തിനൊപ്പം സ്വിഫ്റ്റിന്റെ സെഡാൻ പതിപ്പ് ഡിസയറിലും ഇന്ത്യയിൽ ഈ സംവിധാനം നൽകും. 1.2 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനൊപ്പമാണ് ഹൈബ്രിഡ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന ഹൈബ്രിഡ് സ്വിഫ്റ്റിനും 1.2 ലിറ്റർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും ഈ വാഹനം എത്തുക.

.

LEAVE A REPLY

Please enter your comment!
Please enter your name here