മംഗളൂരുവിൽ ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

0
261

മംഗളൂരു: ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് കര്‍ണാടക പൊലീസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച മംഗളൂരുവിലെ നതൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സെയ്ദ് റസീം ഉമ്മര്‍ എന്ന 20 കാരനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബസില്‍ ഹിന്ദു യുവതിയുടെ കൂടെ ഒരു മുസ്ലീം യുവാവ് ഇരുന്ന് യാത്ര ചെയ്തതിലാണ് അക്രമികള്‍ പ്രകോപിതരായത്. മര്‍ദ്ദനമേറ്റ യുവാവ് അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പങ്കുവയ്ക്കപ്പെട്ട സംഭവം വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരുന്നു.

അക്രമികള്‍ക്കെതിരെ ഐപിസി 323, 324, 504, 506 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഎന്‍ഐ യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ ഹിന്ദു യുവതിയായ തന്റെ പെണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുമെന്ന് എഡിജിപി അലോക് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here