തിരുവനന്തപുരം: നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തര്‍ എം.പി. നടത്തിയ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചു.
നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുരുക്കുംപുഴ ആര്‍.വിജയകുമാരന്‍ നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
ഇതേ വാചകമെഴുതിയ പെട്ടിയുമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മേയര്‍ക്ക് എടുക്കാനുള്ള സാധനങ്ങള്‍ എടുത്ത് വേഗം സ്ഥലം വിടാനാണ് പെട്ടിയുമായി വന്നതെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു.
കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവാണ് മേയറുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ നാടായ കോഴിക്കോടേക്ക് പൊക്കോളൂ എന്നാണ് എംപി പറഞ്ഞത്. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ ആരോപണങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമാണെങ്കിലും കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജെബി മേത്തര്‍ എം.പി. പ്രതികരിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട് ഏറ്റവും മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേരളത്തിലെ എല്ലാ ഭര്‍ത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘കോഴിക്കോട്, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് സ്ത്രീവിരുദ്ധതയാണെങ്കില്‍ ഞാന്‍ അതില്‍നിന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ല. ഭര്‍ത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. അത് മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തിലെ എല്ലാ ഭര്‍ത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണ്’ .- അവര്‍ കൂട്ടിച്ചേര്‍ത്തു.