മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് വില്‍പനയ്ക്ക്; പ്രതാപം ക്ഷയിച്ച ക്ലബിനെ കോടികളെറിഞ്ഞ് ആര് വാങ്ങും?

0
165

മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ക്ലബ് വിൽക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ. കാര്യമായ നവീകരണമാണ് ലക്ഷ്യമെന്ന് ഉടമകളായ ഗ്ലേസർ കുടുംബം വ്യക്തമാക്കി.

തന്ത്രപ്രധാനമായ ചില പരിഷ്‌കാരങ്ങൾക്ക് തയ്യാറെടുക്കുന്നു. സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന നിക്ഷേപം കൈമാറ്റം ചെയ്യുന്നതിൽ ധനകാര്യ ഉപദേഷ്ടാക്കളുമായി ചർച്ച പുരോഗമിക്കുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വഴിപിരിഞ്ഞെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഓൾഡ് ട്രാഫോഡ് ക്ലബിനെ 17 കൊല്ലം നയിച്ച ഗ്ലേസർ കുടുംബാംഗങ്ങളുടെ വാർത്താക്കുറിപ്പ്. ടീമിന്‍റെ സമീപകാലത്തെ നിറംമങ്ങിയ പ്രകടനം ക്ലബിന് ഏൽപ്പിച്ചത് വലിയ പ്രഹരമായിരുന്നു. 2017ന് ശേഷമുള്ള ഇംഗ്ലീഷ് ക്ലബ്ബിന്‍റെ കിരീട വറുതിയിൽ നിരാശരായ ആരാധകർ, ഉടമകൾ മാറണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിരുന്നു.

35,000 കോടി രൂപ വരെ ഉയർന്ന ക്ലബിന്‍റെ ആസ്തി മൂല്യം നിലവിൽ 25,000 കോടി രൂപയാണ്. റോണോയില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പുതിയ മുഖം എന്താകും. താരപ്പകിട്ടിന്‍റെ അഭാവം അക്കാഡമി എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‍സിന് ഖത്തര്‍ ലോകകപ്പിനിടെ നാടകീയാന്ത്യമായിരുന്നു. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ നയിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. . യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. manchester united flag

LEAVE A REPLY

Please enter your comment!
Please enter your name here