കൈവേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി; ഛർദ്ദിയും വയറിളക്കവും, യുവാവ് മരിച്ചു

0
278

ഇന്ദോര്‍: കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി സ്വന്തംനിലയ്ക്ക് മരുന്നുണ്ടാക്കി കഴിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്ദോറില്‍, സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബ് നോക്കി വനഭാഗത്തുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ഇദ്ദേഹം ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ധര്‍മേന്ദ്ര. അതിനിടെ ഒരു അപകടത്തില്‍ പെട്ട് ഇദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റു. നിരവധിയിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും കൈവേദന മാറിയിരുന്നില്ല. തുടര്‍ന്ന് യൂട്യൂബ് നോക്കി മരുന്നുകൂട്ട് ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാട്ടില്‍ കാണുന്ന ചില പ്രത്യേകതരം ഫലങ്ങള്‍ പറിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാല്‍ വേദന മാറും എന്ന യൂട്യൂബിലെ വിവരത്തെ തുടര്‍ന്ന് ഇയാള്‍ അത് ശേഖരിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ജ്യൂസ് കുടിച്ചതോടെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. ഉടന്‍ തന്നെ ധര്‍മേന്ദ്രയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ദോറില്‍ ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ബന്ധുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here