ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്ന് എം.കെ.മുനീര്‍. കെ. സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയില്‍ മുസ്ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗം വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണിവിടേണ്ട സാഹചര്യമില്ലെന്നും മുനീര്‍ പറഞ്ഞു.
കെ. സുധാകരനെ ഉള്‍ക്കൊള്ളാനാകില്ലന്നാണ് മുസ്ളീം ലീഗ് നിലപാട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തിരുന്നുള്ള ഇത്തരം പരാമര്‍ശങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ടാം തവണയും ആര്‍ എസ് എസ് അനുകൂല പരാമര്‍ശം നടത്തിയതോടെ മുസ്ളീം ലീഗിന്റെ മധ്യനിര നേതാക്കളെല്ലാം കടുത്ത എതിര്‍പ്പാണ് സുധാകരനെതിരെ ഉയര്‍ത്തിരിക്കുന്നത്.
എംകെ മുനീറിനെ കൂടാതെ പിഎംഎ സലാമും കെ സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സുധാകരന്റെ ജില്ലയായ കണ്ണൂരിലെ മുസ്ളീം ലീഗ് നേതൃത്വവും സുധാകരനെതിരെ തിരിഞ്ഞിട്ടുണ്ട്. നേരത്തെ സുധാകരനോട് മൃദുസമീപനം പുലര്‍ത്തിയ പി കെ കുഞ്ഞാലിക്കുട്ടിയും സുധാകരന്റെ ഇന്നത്തെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ തന്നെ മൂലക്കിരുത്താന്‍ ശ്രമിക്കുന്ന കെസി വേണുഗോപാല്‍, വിഡി സതീശന്‍ വിഭാഗത്തോടുള്ള പ്രതിഷേധമാണ് സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനെയന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. അത് കൊണ്ട് തന്നെ കെ സുധാകരനെ അനുനയിപ്പിക്കാനുളള നീക്കവും അവരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.