വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂട്ടണം: ആവശ്യവുമായി കെഎസ്ഇബി

0
181

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം. നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക.

എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിങ് രീതി നടപ്പാക്കാൻ കഴിയൂ. വൈദ്യുതി നിരക്കു വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തിൽ ഇൗ നിർദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പുകൾ മൂലം ഉപേക്ഷിച്ചു. 20 കിലോവാട്ടിൽ കൂടുതൽ ഉപയോഗമുള്ള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതലുള്ളവർക്കും നിലവിൽ ഇത്തരത്തിലാണു ബില്ലിങ്. വ്യവസായങ്ങൾക്ക് വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50% അധിക നിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 25% ഇളവും ഉണ്ട്.

എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചുരുക്കം വ്യവസായങ്ങൾക്കേ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. വൈദ്യുതി നിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറയുമെന്നതിനാൽ കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാൻ കഴിയും. പകൽ സമയം സ്വന്തം ഉൽപാദനം ഉപയോഗിക്കാനും പീക് അവറിൽ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും കഴിയുകയും ഉപയോക്താക്കളിൽനിന്ന് അധിക തുകയും ലഭിക്കുകയും ചെയ്യുമ്പോൾ വരുമാനം കുറയാതെ മുന്നോട്ടു പോകാമെന്നാണു ബോർഡിന്റെ കണക്കുകൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here