മെസിക്ക് പറ്റിയത് സംഭവിക്കും, തലയില്‍ മുണ്ടിടേണ്ടിവരും; തരൂരിനുള്ള പിന്തുണ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതെന്ന് സതീശനോട് കെ. മുരളീധരന്‍

0
204

കേരളത്തില്‍ പര്യടനം നടത്തുന്ന ശശി തരൂരിന് പൂര്‍ണ പിന്തുണ നല്‍കി കെ മുരളീധരന്‍ എംഎല്‍എ.ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നുമെന്ന് അദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ല. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെ. വര്‍ഗീയതയ്ക്കെതിരായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ലന്നും തരൂര്‍ ഓര്‍മിപ്പിച്ചു. തരൂര്‍ നടത്തിയ എല്ലാ പൊതുപരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം, ശശി തരൂര്‍ എംപി പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്. യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എംകെ രാഘവന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്.

തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂറും നേരെത്തെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍.എസ് നുസൂര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് പരാതി നല്‍കിയിരുന്നു. ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here