പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടന; വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതിയില്ല

0
166

വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് നടത്താനിരിക്കെയാണ് ഈ നടപടി.

വൈദികരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിക്കും. അതേസമയം,
വിഴിഞ്ഞം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം സന്ദര്‍ശിച്ചേക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദര്‍ശിച്ചു.

നിലവില്‍ വിഴിഞ്ഞത്തെ സാഹചര്യം ശാന്തമാണ്. സാധാരണ രീതിയിലുള്ള പ്രതിഷേധം തുടര്‍ന്നു കൊണ്ടുപോകാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. വിശ്വാസികളും മത്സ്യത്തൊഴിലാളികളും പ്രകോപിതരാകരുതെന്ന് ലത്തീന്‍രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം സമാധാനപരമായിരിക്കും.

കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഡിഐജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. വിഴിഞ്ഞത്തെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘവും സാഹചര്യങ്ങള്‍ വിലയിരുത്തും.

അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് വേഗത്തില്‍ കടക്കില്ലെന്നാണ് റിപ്പോര്‍ട്ട് . സംഘര്‍ഷ സാധ്യത പൂര്‍ണമായി ഒഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here