കൊട്ടിയം ∙ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാനുള്ള ട്രാൻസിറ്റ് ഹോം സംസ്ഥാനത്ത് ആദ്യമായി കൊട്ടിയത്ത് ആരംഭിച്ചു. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീടു നടത്തും. കൊട്ടിയം ജംക്‌ഷനിൽ നിന്നു മയ്യനാട്ടേക്കുള്ള റോഡിൽ മയ്യനാട് പഞ്ചായത്ത് പരിധിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തെ വാടകക്കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം ഈ മാസം 18ന് പ്രവർത്തനം ആരംഭിച്ചത്. കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷാ കാലാവധി തീർന്ന ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പാർപ്പിക്കാനുള്ള കേന്ദ്രമാണ് ഇത്.
5000 ചതുരശ്ര അടിയിൽ 5 മുറികളോടു കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാന കെട്ടിടത്തിന് പുറത്തായി 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 3 നൈജീരിയൻ സ്വദേശികളും ഒരു എൽസാൽവദോർ സ്വദേശിയും എത്തിയിട്ടുണ്ട്. ആകെ 20 പേർക്ക് ഇവിടെ തങ്ങാനാകും. എസ്ഐ ഉൾപ്പെടെ 3 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ, കെയർടേക്കർ, 2 ഗേറ്റ് കീപ്പർമാർ, ക്ലാർക്ക്, ഹോം മാനേജർ, ഭക്ഷണം പാചകം ചെയ്യുന്നവർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാർ എന്നിവർ സെന്ററിൽ ഉണ്ടാകും.
നൈജീരിയൻ സ്വദേശി നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് ട്രാൻസിറ്റ് സെന്റർ ആരംഭിക്കാൻ ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടിയന്തരമായി ആഭ്യന്തര വകുപ്പ് തൃശൂരിൽ ആദ്യത്തെ ട്രാൻസിറ്റ് ഹോം ആരംഭിച്ചെങ്കിലും അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാണ് കൊട്ടിയത്ത് ട്രാൻസിറ്റ് ഹോം ആരംഭിച്ചത്. ആഭ്യന്തര വകുപ്പ് നേരിട്ടാണ് ട്രാൻസിറ്റ് ഹോം ആരംഭിച്ചതെങ്കിലും പിന്നീട് മന്ത്രിസഭ ചേർന്ന് സാമൂഹിക നീതിവകുപ്പിന്റെ കീഴിൽ പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. കേന്ദ്രത്തിൽ എസി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കും. ഹോമിൽ താമസിക്കുന്നവർക്ക് ബന്ധുക്കളുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാകും.