പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി, ഹർജി തള്ളി

0
171

ബെംഗലൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ച്  വരികയായിരുന്നുവെന്നായിരുന്നു ഹർജിക്കാര്‍ വാദിച്ചു. നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത്  അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹർജി തള്ളിയത്.

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം  തുടർനടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here