പാര്‍ട്ടികമ്മിറ്റിയില്‍ വാക്കേറ്റം: കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു

0
226

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു. നവംബര്‍ ഏഴിന് വൈകിട്ടാണ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽനിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ആരോപിച്ച്‌ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ജോയി കുഴഞ്ഞു വീണതും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ജോയി. ദീര്‍ഘകാലം കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. 1987 മുതല്‍ 1995 വരെ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ്. 1995-ല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍. 2000-ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സാസ്‌കാരിക സംഘടന തിരഞ്ഞെടുത്തു. 2005-ല്‍ കുറവിലങ്ങാട് ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വയലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ 27 വര്‍ഷം മെമ്പറായും നാല് ടേം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കാര്‍ഷിക വികസന ബാങ്കില്‍ 42 വര്‍ഷം ബോര്‍ഡ് മെമ്പറായിരുന്നു. ഗൈക്കോ ചെയര്‍മാനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു.

ഇത്തവണ വയലാ ടൗണ്‍ വാര്‍ഡില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടതും പ്രസിഡന്റായതും. 1980-ല്‍ ആദ്യതവണ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം എതിരില്ലാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഏക ജനപ്രതിനിധിയായിരുന്നു ജോയി. തുടര്‍ച്ചയായി 20 വര്‍ഷം ഒരു വാര്‍ഡിനെ തന്നെ പ്രതിനിധികരിച്ചു. കെ.എം. മാണി ഇടത് മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ കുതിരചിഹ്നത്തിലാണ്‌ മത്സരിച്ച് ജയിച്ചത്.

വയല കല്ലുപുര വീട്ടില്‍ ഫ്രാന്‍സിന് ഏലിക്കുട്ടി ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമനാണ് ജോയി. ഭാര്യ: ലിസമ്മ ജോയി, തെക്കേടം വെമ്പള്ളി. മകള്‍: സ്വപ്ന. മരുമകന്‍: സണ്ണി കരിമറ്റം (ചങ്ങനാശേരി).

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 2.30-ന് കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്നിലും 3.30-ന് വയലായിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 10-ന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. 10.30-ന് വയലാ സെന്റ്. ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷമാവും സംസ്‌കാരം. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ അങ്കണത്തില്‍ അനുശോചന യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here