കര്‍ണാടകയില്‍ മുസ്‌‌ലിമിനെയോ ദലിതനെയോ മുഖ്യമന്ത്രിയാക്കാം: എച്ച്.ഡി.കുമാരസ്വാമി

0
284

ബെംഗളൂരു∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് അധികാരത്തില്‍ എത്തിയാൽ മുസ്‌‌ലിമിനെയോ ദലിതനെയോ മുഖ്യമന്ത്രിയാക്കാൻ തയാറാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാനത്ത് പര്യടനം തുടരുന്ന പഞ്ചരത്ന യാത്രയ്ക്കിടയാണ് കുമാരസ്വാമിയുടെ പ്രസ്താവന. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 123 മണ്ഡലങ്ങൾ പിടിക്കലാണ് ജെഡിഎസ് ലക്ഷ്യമെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ആദ്യ ഘട്ടമായി മത്സരിക്കുന്ന 100 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ വ്യക്തമായ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിഎസ്. നേരത്തേ ശ്രീരംഗപട്ടണത്തിൽ ടിപ്പുവിന്റെ പേരിൽ സർവകലാശാല സ്ഥാപിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹീം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രസ്താവന. കർണാടകയിലെ കോലാർ ജില്ലയിൽ നിന്ന് ആരംഭിച്ച പഞ്ചരത്ന യാത്ര പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് കുമാരസ്വാമിയുടെയും ജെഡിഎസിന്റെയും ശ്രമം.

ദക്ഷിണ കർണാടകയിലെ വൊക്കലിഗ സമുദായത്തിലടക്കം ദലിത് വോട്ടുകളിൽ വേരുറപ്പിക്കാനാണ് പരിശ്രമം. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി, വൊക്കലിഗ സമുദായത്തിന്റെ പ്രതീകമായ നാദപ്രഭു കെംപഗൌഡയുടെ 108 അടി ഉയരമുള്ള പ്രതിമ ബെംഗളൂരു വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തത് ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമിയു‌‌ടെ നീക്കം. ഹിജാബ്, ബീഫ് നിരോധനം അടക്കം നിരവധി വിഷയങ്ങളിൽ അമര്‍ഷത്തിലായ മുസ്‌‌ലിം സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനുള്ള നീക്കവും കുമാരസ്വാമി നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here