അമ്പേ വമ്പൻ ബെറ്റ്, ബ്രസീൽ തോറ്റാൽ ‘ഇന്നോവ ദാ കിടക്കണ്, എടുത്തോ’; പട്ടാമ്പിയിൽ ആരാധകന്‍റെ വെല്ലുവിളി! വീഡിയോ

0
323

പാലക്കാട്: ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ തന്നെ. പട്ടാമ്പിയിൽ നിന്നുള്ള ഒരു വമ്പൻ ബെറ്റിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന്. ബ്രസീലിന്‍റെ കടുത്ത ആരാധകനാണ് പുള്ളി. പാലക്കാട് പട്ടാമ്പിക്കടുത്ത വിളത്തൂർ സ്വദേശി സുഹൈലിന് ബ്രസീൽ ഇന്ന് സെർബിയയെ തുരത്തിയോടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ വെല്ലുവിളിയുടെ ആവേശവും അത്രത്തോളം വരും. ബ്രസീൽ തോറ്റാൽ തന്‍റെ ഇന്നോവ കാർ സമ്മാനമായി നല്കുമെന്നാണ് സുഹൈൽ ടൗണിൽ വെല്ലുവിളി നടത്തിയത്. ഇന്നോവ താല്പര്യമില്ലാത്തവർക്ക് തന്‍റെ സ്വന്തം ബുള്ളറ്റ് നല്കാനും തയ്യാറാണെന്ന് സുഹൈൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രസീലിന്‍റെ കളി കാണാൻ പട്ടാമ്പിക്കാർക്കുള്ള ആവേശം ഒന്നുകൂടി വർധിപ്പിക്കുകയാണ് സുഹൈലിന്‍റെ വെല്ലുവിളി.

അതേസമയം ആറാം ലോക കിരീടം സ്വപ്നം കണ്ടെത്തിയ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തിനാണ് ഇന്ന് രാത്രി തുടക്കമാകുന്നത്. കാനറികളുടെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയർ തന്നെയാണ്. പി എസ് ജിയിലെ തകർപ്പൻ പ്രകടനം താരം ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്. അസാമാന്യ പന്തടക്കം, ഡ്രിബ്ലിംഗ് മികവ്, തെറ്റാത്ത താളവും വേഗവും, ഗോളടിക്കാനും, ഗോളടിപ്പിക്കാനും ഒരേ മികവ്, ഇതൊക്കെ തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട സുൽത്താനാക്കി നെയ്മറിനെ മാറ്റുന്നത്. ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലാണ് ബ്രസീലിന്‍റെ അവസാന കിരീടം. രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന്‍റെ ആരവത്തിൽ മുങ്ങുമ്പോൾ ബ്രസീൽ പ്രതീക്ഷകളും വാനോളമാണ്.

അതേസമയം ബ്രസിലിനെ നിരാശപ്പെടുത്തുന്ന ചില കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഫിഫ റാങ്കിംഗിൽ ഒന്നാമത് ഉള്ളവർ ലോകകപ്പ് നേടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് തന്നെയാണ് ബ്രസിലിനെ അസ്വസ്ഥമാക്കുന്ന ആദ്യ കണക്ക്. 1992ലാണ് ഫിഫ റാങ്കിംഗിന് തുടക്കമായത്. അന്നുമുതൽ റാങ്കിംഗിൽ ഒന്നാമതുള്ളവർ ഇതുവരെ കപ്പടിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here