”മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്”; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം

0
258

ഖത്തർ ലോകപ്പില്‍‌ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ കോച്ച് ഹെർവേ റെനാഡിന്റെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റിന് വലിയ പങ്കുണ്ട്.

ഒന്നാം പകുതിക്ക് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ കോച്ച് നിരാശരായിരിക്കുന്ന കളിക്കാർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. മെസ്സിക്കൊപ്പം ഫോട്ടെയെടുക്കാനല്ല നിങ്ങൾ വന്നത് എന്നും പ്രസിങ് ഗെയിം എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല എന്നും രൂക്ഷമായ ഭാഷയിലാണ് കോച്ച് കളിക്കാരോട് പറഞ്ഞത്.

”മെസി മൈതാന മധ്യത്താണ്.. അയാളുടെ കയ്യിലാണ് പന്ത്…നിങ്ങൾ അപ്പോഴും പ്രതിരോധനിരയിൽ തന്നെ നിൽക്കുകയാണ്. ഫോണെടുത്ത് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കൂ. പ്രസിങ് എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല.. നമ്മൾ തിരിച്ചു വരുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ.. അവർ ലാഘവത്തിലാണ് കളിക്കുന്നത്. നോക്കൂ ഇത് ലോകകപ്പാണ്. നിങ്ങൾക്ക് നൽകാനുള്ളതെല്ലാം നൽകൂ”- കോച്ച് പറഞ്ഞു. ഇതിനു ശേഷമായിരുന്നു സൗദിയുടെ ഗംഭീര തിരിച്ചു വരവ്. കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്‌.

ഗ്രൂപ്പ് സിയിൽ സൗദിയുടെ അടുത്ത കളി പോളണ്ടിനോടാണ്. മത്സരത്തിൽ ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടര്‍ പ്രവേശം ഉറപ്പാക്കാം. സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ അർജന്റീനയ്ക്ക് നിർണായകമാണ്.

മെക്‌സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്‌സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.

ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്‌സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം

LEAVE A REPLY

Please enter your comment!
Please enter your name here