‘അയ്യേ അത് പോലീസിന്റെ സ്വര്‍ണം’! പോലീസ് പിടിച്ച കേസുകള്‍ ഏറ്റെടുക്കാന്‍ മടിച്ച് എയര്‍കസ്റ്റംസ്

0
194

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടിച്ച സ്വര്‍ണക്കടത്തു കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗം. പോലീസ് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏല്‍ക്കാനാവില്ലെന്നുമാണ് എയര്‍ കസ്റ്റംസിന്റെ നിലപാട്.

ഇതോടെ പോലീസിന്റെ കേസുകള്‍ ഇപ്പോള്‍ കോഴിക്കോട് കസ്റ്റംസാണ് കൈകാര്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം തുടങ്ങിയ സാമ്പത്തികകുറ്റങ്ങള്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കേന്ദ്ര ഏജന്‍സികളാണ് തീര്‍പ്പാക്കേണ്ടത്. കുഴല്‍പ്പണം ഇ.ഡി.യും സ്വര്‍ണക്കടത്ത് കസ്റ്റംസുമാണ് കൈകാര്യംചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് പോലീസ് സ്വര്‍ണക്കടത്ത് പിടിച്ചുതുടങ്ങിയത്. ആദ്യത്തെ ഏതാനും കേസുകള്‍ എയര്‍ കസ്റ്റംസ് ഏറ്റെടുത്തു. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും തൊണ്ടിമുതല്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കുകയുംചെയ്തു. രേഖകള്‍ കസ്റ്റംസിനു കൈമാറി. കേസില്‍ തീര്‍പ്പുണ്ടാകണമെങ്കില്‍ രേഖകള്‍ക്കൊപ്പം പ്രതിയെയും സ്വര്‍ണവും ഏല്‍പ്പിക്കണമെന്ന് എയര്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാല്‍, സ്വര്‍ണം കോടതിയിലേ കൊടുക്കൂവെന്നായി പോലീസ്. ഇതോടെയാണ് എയര്‍ കസ്റ്റംസ് പിന്‍മാറിയത്.

ഇപ്പോള്‍ മഞ്ചേരി കോടതിയില്‍നിന്ന് അറിയിപ്പ് കിട്ടുന്നതനുസരിച്ച് ഹാജരായി കേസ് രേഖകളും സ്വര്‍ണവും കോഴിക്കോട് കസ്റ്റംസ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. കേസ് നേരിട്ട് ഏല്‍പ്പിക്കാമെന്നിരിക്കെ പേരെടുക്കാനായി പോലീസ് വളഞ്ഞവഴി സ്വീകരിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ ആക്ഷേപം. കസ്റ്റംസിനെ വെട്ടിച്ച് ചാടിപ്പോരുന്നവരെ പിടിക്കുന്നതിന്റെ ജാള്യതയാണ് അവര്‍ക്കെന്ന് പോലീസും ആരോപിക്കുന്നു.

ഇതുവരെ ഏഴുപത്തഞ്ചോളം കേസുകളിലായി 60 കിലോഗ്രാം സ്വര്‍ണം പോലീസ് പിടിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തുവരുന്ന കാരിയര്‍മാരുടെ പെരുമാറ്റം നിരീക്ഷിച്ചാണ് പോലീസ് പിടികൂടുന്നത്. വിദേശത്തുനിന്ന് അജ്ഞാതര്‍ കൊടുത്തുവിടുന്ന സ്വര്‍ണം നാട്ടില്‍ ആര്‍ക്കാണ് കൈമാറേണ്ടതെന്ന് കാരിയര്‍മാര്‍ അറിയാറില്ല. സ്വര്‍ണം കൈപ്പറ്റേണ്ടവര്‍ വരും എന്നതായിരിക്കും അവര്‍ക്കുള്ള നിര്‍ദേശം. അതിനാല്‍ വാങ്ങാന്‍ വരുന്നവരെ തിരഞ്ഞ് നാലുപാടും നോക്കി വേവലാതിപ്പെടുന്നവരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയാണ് പോലീസ്. രഹസ്യവിവരവും കിട്ടാറുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ കാണുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ അധികാരം നല്‍കുന്ന സി.ആര്‍.പി.സി. 41, 42 വകുപ്പുകള്‍, മോഷ്ടിച്ചതോ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നതോ ആയ വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന 102-ാം വകുപ്പ് തുടങ്ങിയവയാണ് കേസില്‍ പോലീസ് പ്രയോഗിക്കുന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ പൊതുവാണെന്നും സ്വര്‍ണം പിടിക്കുമ്പോള്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യം വേണമെന്നതടക്കമുള്ള പല കേന്ദ്ര ചട്ടങ്ങളും പോലീസ് പാലിക്കുന്നില്ലെന്നും കസ്റ്റംസ് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here