സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു

0
280

ബെലഗാവി : കർണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെൺകുട്ടികൾ മരണപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം. നാല് പെൺകുട്ടികളും സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയിൽ നിന്നുള്ളവരാണ് നാല് പെൺകുട്ടികളെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്.

ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തിൽ 40 ഓളം പെൺകുട്ടികൾ വിനോദയാത്രയ്ക്ക് പോയെന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അഞ്ചുപേരിൽ ഒരു പെൺകുട്ടിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി ഉടൻ തന്നെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെൺകുട്ടികളെ രക്ഷിക്കാനായില്ല.

സംഭവത്തെത്തുടർന്ന് വൻ ജനക്കൂട്ടം ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ആശുപത്രി പരിസരത്ത് അധിക സേനയെ വിന്യസിക്കുകയും ചെയ്തു.

സ്ഥിതിഗതികൾ നേരിട്ട് നിയന്ത്രിക്കാന്‍ ബെലഗാവി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രവീന്ദ്ര ഗദാദി ആശുപത്രിയിലെത്തിയിരുന്നു.

കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് വരുന്നതിനാൽ, പോസ്റ്റ്‌മോർട്ടം നടത്താൻ മഹാരാഷ്ട്ര പോലീസിന്റെ സമ്മതത്തിനായി കർണാടക പോലീസ് കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജൂലൈയിൽ കർണാടകയിലെ നീർസാഗർ റിസർവോയറിൽ സെൽഫിയെടുക്കുന്നതിനിടെ 22കാരൻ തെന്നിവീണ് മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് നീർസാഗർ റിസർവോയറിൽ വിനോദസഞ്ചാരികളെ പൊലീസ് വിലക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here