അര്‍ജന്റീന ടീം ആരാധകർ തമ്മിൽത്തല്ലി; നിരവധിപേർക്ക് പരുക്ക്

0
304

കൊച്ചി∙ എറണാകുളം നോർത്ത് കളമശേരിയിൽ അര്‍ജന്റീന ഫുട്ബോൾ ടീം ആരാധകർ തമ്മിൽ തല്ലി. നിരവധിപേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. അർജന്റീന കളിക്കാരുടെ പേരിൽ ചെറിയ നിലയിൽ തുടങ്ങിയ വാക്പോര് തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു.

ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു മുൻപ് സമീപത്തുള്ള ബാറിനു മുന്നിൽ ഗിരീഷ് എന്ന യുവാവിനെ ഒരാൾ നെഞ്ചിൽ പിടിച്ചു തള്ളിയതാണ് ഏറ്റുമുട്ടലിന്റെ തുടക്കം. ഏറ്റുമുട്ടിയവർ എല്ലാവരും അർജന്റീന ഫാൻസാണെങ്കിലും കളിക്കാരുടെ പേരുപറഞ്ഞായിരുന്നു വാക്പോര്. സമീപത്തു സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കണ്ടു കഴിഞ്ഞ ശേഷം ഗിരീഷ് സുഹൃത്തുക്കളുമായി ചേർന്നു തന്നെ പിടിച്ചുതള്ളിയ ആളുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. എല്ലാവരും പ്രദേശവാസികളാണ്.

ഗിരീഷും സംഘവും ചേർന്ന് എതിരാളിയുടെ മൂക്കിന്റെ പാലം ഇടിച്ച് തകർത്തുവെന്നാണ് ആരോപണം. ഇതുകണ്ട് യുവാവിന്റെ മാതാവ് കുഴഞ്ഞു വീണതോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടസ്സം പിടിക്കാനെത്തിയ ബന്ധുവിനും മർദനത്തിൽ പരുക്കേറ്റു. മൂക്കിനു പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടു കയറി ആക്രമിച്ച സംഘവും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്‌മിറ്റായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ സംഭവം ഒത്തുതീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here