‘എന്നെ കാണാതിരിക്കാന്‍ അയാൾ ദൈവത്തോട് പ്രാര്‍ഥിക്കട്ടെ’; മെസ്സിക്കെതിരേ ബോക്‌സിങ് താരം

0
146

മെക്‌സികോ സിറ്റി: അര്‍ജന്റീന- മെക്‌സിക്കോ മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരേ ഭീഷണിയുമായി മെക്‌സിക്കോയുടെ ബോക്‌സിങ് ലോകചാമ്പ്യന്‍ കനേലോ അല്‍വാരസ്. മെക്‌സിക്കോക്കെതിരായ മത്സരം വിജയിച്ച് പ്രീ ക്വാട്ടര്‍ സാധ്യതകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഡ്രസിങ് റൂമില്‍ മെസ്സിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സമയം മെക്‌സിക്കോയുടെ ജെഴ്‌സിയും പതാകയും മെസ്സി നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം.

ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കനേലോ അല്‍വാരസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘ഞങ്ങളുടെ കൊടിയും ജെഴ്‌സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ’, അല്‍വാരസ് ട്വീറ്റ് ചെയ്തു. ‘എന്നെ കാണാതിരിക്കാന്‍ അയാൾ ദൈവത്തോട് പ്രാര്‍ഥിക്കട്ടെ. ഞാന്‍ എങ്ങനെയാണോ അര്‍ജന്റീനയെ ബഹുമാനിക്കുന്നത്, അതുപോലെ നിങ്ങള്‍ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാന്‍ അര്‍ജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല, മെസ്സിയെ കുറിച്ച് മാത്രമാണ് പറയുന്നത്’, അല്‍വാരസ് കുറിച്ചു.

 

വീഡിയോയില്‍ പച്ച നിറത്തിലുള്ള ജെഴ്‌സി മെസ്സി ബൂട്ട്‌കൊണ്ട് തട്ടുന്നുണ്ട്. ഇത് മെക്‌സിക്കന്‍ ജെഴ്‌സിയാണെന്നാണ് ആരോപണം. എന്നാല്‍ വീഡിയോയില്‍ മെസ്സിയുടെ കാലിന് സമീപം ഒരു മെക്‌സിക്കോ ജെഴ്‌സി കിടക്കുന്നത് കാണാമെങ്കിലും അദ്ദേഹം മെക്‌സിക്കന്‍ പതാകയില്‍ ചവിട്ടുന്നതായി കാണുന്നില്ലെന്നാണ് ആരാധകരുടെ മറുപടി. എന്തായാലും സംഭവം വലിയ തരത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here