കോഴിക്കോട്: ഖത്തിൽ നടക്കുന്ന ലോകകപ്പും കേരളത്തിലെ കോഴിമുട്ട വിപണിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉത്തരം അതേയെന്നാണ്. കാരണം ഖത്തറിൽ നടന്ന ലോകകപ്പ് കാരണം കേരളത്തിലെ മുട്ടയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായത്. കോഴി മുട്ടയ്ക്ക് വടക്കൻ ജില്ലകളിൽ 1 രൂപയിലേറെയും താറാവ് മുട്ടയ്ക്ക് 1 രൂപയുമാണ് ഒരു മാസത്തിനിടെ വർധിച്ചത്.
ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്. ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ 4 രൂപ 55 പൈസയായിരുന്നു ഒരു കോടി മുട്ടയുടെ വിലയെങ്കിൽ ഇപ്പോഴത് 5 രൂപ 70 പൈസയായി.ചില്ലറ വിൽപ്പന ശാലയിൽ 6 രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ട ഒന്നിന് 8 രൂപയിൽ നിന്ന് 9 രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ് മുട്ടയ്ക്ക് വിലയുണ്ട്. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറവിന് കാരണമായിട്ടുണ്ട്.
ഗൾഫിൽ നിന്ന് തമിഴ്‌നാട്ടിലെ വ്യാപാരികൾക്ക് 5 കോടി കോഴിമുട്ടയാണ് ഓർഡർ ലഭിച്ചത്. സംസ്ഥാനത്തേക്ക് കോഴിമുട്ട എത്തുന്നത് തമിഴ്‌നാട്ടിലെ നാമയ്ക്കലിൽ നിന്നാണ്. പ്രതിദിനം മൂന്നര കോടിയോളം മുട്ടയാണ് നാമയ്ക്കലിൽ ഉൽപ്പാദിപ്പിക്കുന്നത്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ട വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.