7 കോടിയുടെ ഹാഷിഷുമായി അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം; മലയാളി ദമ്പതികള്‍ വീണ്ടും അറസ്റ്റില്‍

0
290

ബെം​ഗളൂരു; കഴിഞ്ഞ മാർച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയതത്. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷവും ഇവര്‍ വീണ്ടും മയക്ക് മരുന്ന കച്ചവടം നടത്തിയെന്ന് പൊലീസ് പറയുന്നു. ഇവരോടൊപ്പം അറസ്റ്റിലായ ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23) യാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുട നീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു.

നോർത്ത് ബെംഗളൂരുവിലെ കോതനൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഈ ദമ്പതികള്‍. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രദേശത്തെ കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് സിഗിൽ വർഗീസും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും പൊലീസ് പിടിയിലാകുന്നത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ബിടിഎം ലേഔട്ടില്‍ നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്‍റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് വിവരം ലഭിച്ചത്.

ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്‍റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് ഇരുവരും വാടക വീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ടാറ്റൂയിങ്ങിന്‍റെ മറവിലാണ് ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.  2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. ആഡംബര ജീവിതം നയിക്കാനാണ് ദമ്പതികള്‍ ലഹരി ഇടപാട് തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here