ബെംഗലൂരു: കര്‍ണാടകയില്‍ സ്‌കൂള്‍കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗില്‍ നിന്നും മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചത്.
മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നുണ്ടോ എന്നറിയാനാണ് സ്‌കൂള്‍ അധികൃതര്‍ ബാഗ് ചെക്ക് ചെയ്തത്. എന്നാല്‍ ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്ററുകള്‍, വൈറ്റ്‌നറുകള്‍, ധാരാളം പണം എന്നിവയാണ് ബാഗില്‍ നിന്ന് കിട്ടിയത്. സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിവരുകയാണ് അധികൃതര്‍.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങ് ശുപാര്‍ശ ചെയ്തു. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. സ്‌കൂളില്‍ തന്നെ കൗണ്‍സിലിങ്ങ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവല്‍ക്കരണ സഹായങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ രക്ഷിതാക്കളോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് 10 ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.