കൊച്ചി ∙ പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവൻ കോഴി ഗുരുതരമായി കൊത്തി പരുക്കേൽപിച്ചെന്ന പരാതിയിൽ, കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 18 നാണ് സംഭവം. മഞ്ഞുമ്മലിൽ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദർശിക്കാൻ ആലുവയിൽനിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കുംം നിരവധി കൊത്തു കിട്ടി. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ മുറിവേറ്റു. കുഞ്ഞിനെ ഉടൻ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന നിർദേശത്തെ തുടർന്ന് അവിടെ അഡ്മിറ്റു ചെയ്തു. കൊത്ത് കാഴ്ചയെ ബാധിക്കാൻ ഇടയുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. അഞ്ചു ദിവസത്തിനു ശേഷം കുഞ്ഞിനെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്.
ഈ കോഴി മുൻപും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നിൽക്കുന്ന മുതിർന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ വിവരം കോഴിയുടെ ഉടമയെ അറിയിക്കുകയും കൂട്ടിലിട്ടു വളർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ചു കോഴിയ അഴിച്ചു വിട്ടതാണ് അപകടമുണ്ടാക്കിയതെന്നും പരാതിക്കാരൻ പറയുന്നു.
ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. കേസ് ഒത്തു തീർപ്പാക്കാൻ ശ്രമമുണ്ടായെങ്കിലും കുഞ്ഞിന്റെ നില പരിഗണിച്ചു കേസുമായി മുന്നോട്ടു പോകാൻ കുഞ്ഞിന്റെ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഐപിസി സെക്‌ഷൻ 324 വകുപ്പു പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.