യാത്രയയപ്പു ലഭിച്ച ദിവസം പൊട്ടി കരഞ്ഞ കുട്ടികൾ; കാണാൻ ആയിഷത്ത് അംസീറ ഒരിക്കൽ കൂടി എത്തി, മധുരവുമായി

0
333

കാസർകോട് ∙ സ്കൂളിൽ നിന്നു യാത്രയയപ്പു ലഭിച്ച ദിവസം പൊട്ടി കരഞ്ഞ പ്രിയപ്പെട്ട കുട്ടികളെ ഒരിക്കൽ കൂടി കാണാൻ ശിശുദിനത്തിൽ മധുരവുമായി അധ്യാപിക എത്തി. വിദ്യാനഗർ ബെദിര പാണക്കാട് തങ്ങൾ എയുപി സ്കൂൾ അങ്കണമാണ് അധ്യാപികയും വിദ്യാർഥികളും തമ്മിലുള്ള സ്നേഹബന്ധത്തിനു സാക്ഷിയായത്. സ്കൂളിലെ താൽക്കാലിക അധ്യാപിക ചെട്ടുംകുഴിയിലെ ആയിഷത്ത് അംസീറയുടെ കല്യാണം നവംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്നു.

സ്കൂളിൽ നിന്ന് ഒഴിയുന്ന വിവരം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ വിദ്യാർഥികളോടു പറഞ്ഞു.ഇത് കേട്ടയുടനെ കുട്ടികൾ ഒന്നടങ്കം കരയുകയായിരുന്നു. ഈ രംഗം സ്കൂളിലെ ഒരു അധ്യാപകൻ മുഹമ്മദ് ആഷിഖ് മൊബൈലിൽ പകർത്തി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഈ വിഡിയോ വൈറലായി.ഇതിനിടയിലാണു തിങ്കളാഴ്ച രാവിലെ തന്റെ കുട്ടികളെ കാണാൻ കൈ നിറയെ മധുരവുമായി അംസീറ രണ്ടാം ക്ലാസിലെത്തിയത്. ടീച്ചറെ കണ്ടതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം.

അൽപനേരം ടീച്ചർ ക്ലാസുമെടുത്തു. കുട്ടികളോട് യാത്ര ചോദിക്കാതെ പുറത്തിറങ്ങിയപ്പോൾ ഏതാനും കുട്ടികൾ അംസീറയുടെ കൈ പിടിച്ചു. ഇനിയും വരാമെന്നു പറഞ്ഞ് കുട്ടികളെ സമാധാനപ്പെടുത്തിയാണ് ഇവർ മടങ്ങിയത്. ചെട്ടുംകുഴിയിലെ സി.എ.ഹസന്റെയും ഫൗസിയയുടെയും മകളാണ് അംസീറ. ഉദുമ പാക്യാരയിലെ അബ്ബാസിന്റെയും ഷെരീഫയുടെയും മകൻ ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് റഹ്മാനാണു പ്രതിശ്രുത വരൻ.

LEAVE A REPLY

Please enter your comment!
Please enter your name here