ജിമ്മിൽ വ്യായാമത്തിനിടെ നടൻ സിദ്ധാന്ത് മരിച്ച നിലയിൽ; ഞെട്ടലോടെ ആരാധകർ

0
161

മുംബൈ ∙ നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യവേയാണു സിദ്ധാന്ത് മരിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്തിന്റെ അകാലമരണത്തിന്റെ ഞെട്ടലിലാണു സഹതാരങ്ങളും ആരാധകരും.

നടനും മുൻ ക്രിക്കറ്റ് താരവുമായ സലിൽ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ സിദ്ധാന്തിന്റെ മരണവിവരം അറിയിച്ചത്. മംമ്താ ആൻഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ൽ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കൺട്രോൾ റൂം, കൃഷ്ണ അർജുൻ, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.

സിദ്ദി ദിൽ മാനേ നാ എന്ന ഷോയിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ൽ ആണ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. 2017ൽ മോഡലും ഫാഷൻ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു. സിനിമാ നിർമാതാവ് അനു രഞ്ജൻ, ടിവി താരം ജയ് ഭാനുശാലി, കിഷ്വർ മെർച്ചന്റ് തുടങ്ങിയവർ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവച്ചു.

46–ാം വയസ്സിൽ കന്നഡ നടൻ പുനീത് രാജ്കുമാർ, 40–ാം വയസ്സിൽ ബോളിവുഡ്, സീരിയൽ നടൻ സിദ്ധാർഥ് ശുക്ല, 41–ാം വയസ്സിൽ നടൻ ദീപേഷ് ഭാൻ തുടങ്ങിയവരുടെ മരണത്തിന് അമിതവ്യായാമം കാരണമായെന്ന റിപ്പോർട്ടുകൾക്കിടെയാണ് മറ്റൊരു നടൻ കൂടി അതേ സാഹചര്യത്തിൽ ഓർമയായത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here