ന്യൂഡല്‍ഹി∙ 40 ദിവസത്തിനിടെ ഇന്ത്യയിൽ അരങ്ങേറുക 32 ലക്ഷം വിവാഹമെന്ന് സർവേ റിപ്പോർട്ട്. നവംബർ 4 മുതൽ ഡിസംബർ 14 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈ കല്യാണങ്ങൾക്കായി രാജ്യത്ത് ചെറുകിട, വൻകിട വ്യവസായ വ്യത്യാസമില്ലാതെ 3.75 ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വിലയിരുത്തൽ. സംഘടനയുടെ ഗവേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവിട്ടത്. 35 നഗരങ്ങളിലെ വ്യാപാരികളും സേവനദാതാക്കളുമായ 4,302 പേരിൽ നടത്തിയ സർവേയിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സമാഹരിച്ചത്.