40 ദിവസം, ഇന്ത്യയില്‍ 32 ലക്ഷം വിവാഹം; വിപണിയിൽ ചെലവഴിക്കുക 3.75 ലക്ഷം കോടി!

0
164

ന്യൂഡല്‍ഹി∙ 40 ദിവസത്തിനിടെ ഇന്ത്യയിൽ അരങ്ങേറുക 32 ലക്ഷം വിവാഹമെന്ന് സർവേ റിപ്പോർട്ട്. നവംബർ 4 മുതൽ ഡിസംബർ 14 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈ കല്യാണങ്ങൾക്കായി രാജ്യത്ത് ചെറുകിട, വൻകിട വ്യവസായ വ്യത്യാസമില്ലാതെ 3.75 ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വിലയിരുത്തൽ. സംഘടനയുടെ ഗവേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവിട്ടത്. 35 നഗരങ്ങളിലെ വ്യാപാരികളും സേവനദാതാക്കളുമായ 4,302 പേരിൽ നടത്തിയ സർവേയിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സമാഹരിച്ചത്.

ഡൽഹിയിൽ മാത്രം ഈ സീസണിൽ 3.5 ലക്ഷത്തിലധികം വിവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ടെൽവാൾ പറഞ്ഞു. ‘‘ഇത്രയും വിവാഹങ്ങളിലായി ഡൽഹിയിൽ മാത്രം 75,000 കോടി രൂപയുടെ വ്യാപാരം നടക്കും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയിൽ 25 ലക്ഷം വിവാഹമാണുണ്ടായത്. അന്ന് മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടായെന്നാണ് വിലയിരുത്തൽ. ആകെ ഈ സീസണിൽ 3.75 ലക്ഷം കോടിയുടെ വ്യാപാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ സജീവമായ വിവാഹ സീസൺ ഇനിയുണ്ടാകുക ജനുവരി 14 മുതൽ ജൂലൈ വരെയാണ്.’’ അദ്ദേഹം വിശദീകരിച്ചു.

ആകെയുള്ള അഞ്ച് ലക്ഷം വിവാഹങ്ങളിൽ ഓരോന്നിനും മൂന്നു ലക്ഷം രൂപയുടെ ചെലവേ ഉണ്ടാകുകയുള്ളൂ. പരമാവധി 5 ലക്ഷം രൂപ ചെലവു വരുന്ന 10 ലക്ഷം വിവാഹങ്ങളും ഉണ്ടാകുമെന്നാണ് സൂചന. 10 ലക്ഷം രൂപ ചെലവു വരുന്ന 10 ലക്ഷം വിവാഹങ്ങളും 25 ലക്ഷം രൂപ ചെലവു വരുന്ന 5 ലക്ഷം വിവാഹങ്ങളും ഉണ്ടാകും. 50 ലക്ഷം രൂപ ചെലവു വരുന്ന 50,000 വിവാഹങ്ങളും ഈ സീസണിലുണ്ടാകും. ഒരു കോടി രൂപയ്ക്കു മുകളിൽ ചെലവു വരുന്ന 50,000 വിവാഹവും ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

ഈ വർഷം ദീപാവലിക്ക് മികച്ച വ്യാപാരം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ വിവാഹ സീസണിലൂടെ വ്യാപാരികൾ ലക്ഷ്യമിടുന്നത്. ഓരോ വിവാഹത്തിനും ചെലവിടുന്ന തുകയുടെ 20 ശതമാനം മാത്രമാണ് വരന്റെ / വധുവിന്റെ കാര്യങ്ങൾക്കായി ചെലവിടുക. ബാക്കി 80% ചെലവും വിവാഹം സംഘടിപ്പിക്കുന്നതിനായി വിവിധ ഏജൻസികൾക്കു നൽകുന്നതാണ്.

വിവാഹ സീസൺ തുടങ്ങുന്നതിനു മുൻപു തന്നെ വീടുകളുടെ അറ്റകുറ്റപ്പണി, ആഭരണം, സാരി തുടങ്ങിയ കാര്യങ്ങൾക്കായി വലിയൊരു തുക ചെലവിടാറുണ്ട്. വീട്ടുപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ക്ഷണക്കത്ത്, ഡ്രൈ ഫ്രൂട്സ്, മധുര പലഹാരങ്ങൾ, പഴങ്ങൾ, ആരാധനാ സാധനങ്ങൾ, പച്ചക്കറി, ഭക്ഷണ സാധനങ്ങൾ, അലങ്കാര വസ്തുക്കൾ, വൈദ്യുത ഉപകരണങ്ങൾ, മറ്റു സമ്മാനങ്ങൾ തുടങ്ങി ആവശ്യമായ പല കാര്യങ്ങളും ഈ സീസണിനു മുൻപുതന്നെ വ്യാപാരം നടന്നതായും പഠനത്തിൽ പറയുന്നു.

വിവാഹങ്ങൾക്കായി സ്വീകരണ ഹാളുകൾ, ഹോട്ടലുകൾ, ഓപ്പൺ ലോണുകൾ, കമ്യൂണിറ്റി സെന്ററുകൾ, പൊതു പാർക്കുകൾ, ഫാം ഹൗസുകൾ തുടങ്ങിയവ രാജ്യമെങ്ങും സർവസജ്ജമായിക്കഴിഞ്ഞു. ടെന്റ് ടെക്കറേഷൻ, ഫ്ലവർ ഡെക്കറേഷൻ, ക്രോക്കറി, കേറ്ററിങ്, വാഹനക്രമീകരണം, സ്വാഗതം ചെയ്യുന്ന പ്രഫഷനൽ സംഘാംഗങ്ങൾ, പച്ചക്കറി വ്യാപാരികൾ, ഫൊട്ടോഗ്രാഫർമാർ, വിഡിയോഗ്രാഫർമാർ, ഓർക്കസ്ട്ര, ഡിജെ, കുതിരകൾ, വാഗണുകൾ, ലൈറ്റ്, തുടങ്ങി ഇവന്റ് മാനേജ്മെന്റും വലിയ ബിസിനസ് സാധ്യത തുറന്നിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here