ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം; വിശദീകരണവുമായി ആലിക്കുട്ടി മുസ്‌ലിയാര്‍

0
164

മലപ്പുറം: ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണം നടത്തിയാണെന്ന വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. ഹക്കീം ഫൈസിയെ പുറത്താക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തില്‍ ആരും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയില്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ പദവിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ നടത്തിയ വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സമസ്ത ആശയങ്ങള്‍ക്ക് വിരുദ്ധമായത് ചിലര്‍ പ്രതരിപ്പിച്ചു. അതാണ് പുരോഗമനം എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സിഐസി സംവിധാനത്തോട് സമസ്തക്ക് വിയോജിപ്പില്ലെന്ന് മുശാവറ അംഗവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനുമായ എംടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടിയുള്ള സംവിധാനത്തിന്റെ പോക്ക് വിശ്വാസ ആചാരങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. ഇതിന് വിരുദ്ധമായത് കണ്ടാല്‍ സമസ്തക്ക് മൗനം പാലിക്കാനാവില്ലെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

വാഫി കോഴ്സിന് ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നിര്‍ദേശിച്ച കാര്യങ്ങള്‍ സിഐസി നടപ്പിലാക്കിയില്ലെന്നാരോപിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അതിന് പിന്നാലെ തര്‍ക്കം തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

പിന്നീട് സെപ്തംബര്‍ 20ന് പാണക്കാട് ചേര്‍ന്ന സമസ്ത നേതൃയോഗം മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളെ സിഐസി പരസ്യമായി തള്ളിപ്പറയുകയും പോസ്റ്റുകളിടുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു രണ്ടാമത്തെ നിര്‍ദേശം. സിഐസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമസ്ത വിളിക്കുന്ന യോഗത്തില്‍ സംബന്ധിക്കണമെന്നായിരുന്നു മൂന്നാമത്തെ നിര്‍ദേശം. ഈ മൂന്ന് നിര്‍ദേശങ്ങളും സിഐസി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം ബഹിഷ്‌കരിക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. സെപ്തംബര്‍ 12ന് നടന്ന മുശാവറയുടെ തീരുമാനമെന്ന നിലയിലാണ് കത്ത് നല്‍കിയത്.

നിര്‍ദേശിച്ച മാറ്റങ്ങളും നടപ്പിലാക്കില്ലെന്നാരോപിച്ച് സമസ്ത സിഐസിയുടെ വാഫി വഫിയ്യ കലോത്സവത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പോഷക സംഘടനകള്‍ക്ക് നല്‍കിയിരുന്നു. സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ ഇത് സംബന്ധിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളും, സിഐസി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. സമസ്തയെ പൂര്‍ണമായി അനുകൂലിച്ചും പിന്തുണച്ചുമാണ് സാദിഖലി തങ്ങള്‍ സംസാരിച്ചത്. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഹക്കിം ഫൈസിക്കെതിരെയുള്ള സംഘടന നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here