സിലിഗുഡിയിലെ മുതിർന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യക്ക് ബിജെപി നേതാക്കൾ ദീപാവലി ആശംസ നേരാനെത്തിയതിൻ്റെ വെടിക്കെട്ട് ബംഗാൾ രാഷ്ട്രീയത്തിൽ കത്തിനിൽക്കെ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിച്ചു വിജയിച്ചതാണ് പുതിയ വിശേഷം
കിഴക്കൻ മേദിനിപ്പൂർ ജില്ലയിലെ നന്ദകുമാർ ബ്ലോക്കിലെ ബെറാംപൂർ കാർഷിക വായ്പാ സഹകരണ സംഘത്തിലാണ് സിപിഐഎമ്മും ബിജെപിയും കൈകോർത്തത്. കർഷക രക്ഷാ സമിതി എന്ന പേരിൽ മത്സരിച്ച സഖ്യം സീറ്റുകളെല്ലാം തൂത്തുവാരി. 63 ൽ 52 സീറ്റുകളിൽ സിപിഐഎം – ബിജെപി സഖ്യം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രാദേശിക സഖ്യമാണെന്നും പാർട്ടി നേതൃത്വത്തിന് പങ്കില്ലെന്നുമാണ് സിപിഐഎം നേതൃത്വം വിശദീകരിക്കുന്നത്. തൃണമൂലിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് സഹകരണ സംഘം മുൻ പ്രസിഡന്റ് ഷെയ്ഖ് ഷുഹുഷൈർ റഹ്മാൻ പറയുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പരോക്ഷ സഖ്യമായിരുന്നവർ ഇപ്പോൾ പ്രത്യക്ഷമായി രംഗത്തു വന്നെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അതിനിടെ അടുത്ത വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിത്തട്ടിൽ പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് സിപിഐഎം. ബംഗാളിനെ രക്ഷിക്കാൻ ഉണരുന്ന ഗ്രാമങ്ങൾ എന്നതാണ് സിപിഐ മുദ്രാവാക്യം. നേരത്തെ കൊളാഘട്ടിലെ സഹകരണ സംഘത്തിൽ സിപിഐഎം – കോൺഗ്രസ് സഖ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു.