ബംഗളൂരു: 18ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമിക്കാൻ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. നഗരസിംഹരാജ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ തൻവീർ സേട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് ബി.ജെ.പി രംഗത്തെത്തിയതോടെ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ”എന്തുകൊണ്ട് ടിപ്പുവിന്റെ പ്രതിമ നിർമിച്ചുകൂടാ? അദ്ദേഹം അത് അർഹിക്കുന്നില്ലേ? ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണ്. അവർ നാരായണഗുരുവിനെക്കുറിച്ചും അംബേദ്കറെക്കുറിച്ചുമെല്ലാം എന്താണ് പറഞ്ഞിട്ടുള്ളത്?”-എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.
ടിപ്പു സുൽത്താന്റെ ഭരണസിരാകേന്ദ്രമായിരുന്ന ശ്രീരങ്കപട്ടണത്തോ മൈസൂരുവിലോ ആയിരിക്കും പ്രതിമ നിർമിക്കുക എന്നാണ് തൻവീർ അറിയിച്ചിട്ടുള്ളത്. ചരിത്രം വളച്ചൊടിച്ച് ടിപ്പുവിനെ തെറ്റായി ചിത്രീകരിക്കാനുള്ള ബി.ജെ.പി നീക്കത്തെ നേരിടാനായാണ് പ്രതിമ നിർമിക്കുന്നതെന്നും തൻവീർ പറഞ്ഞു.
ഒരു മുസ്‌ലിം ഭരണാധികാരിയായതുകൊണ്ടല്ല, വ്യക്തിപൂജ പ്രോത്സാഹിപ്പിക്കാനുമല്ല ടിപ്പുവിന്‍റെ പ്രതിമ നിർമിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.