മൂത്രാശയത്തിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയ ആളുടെ വൃക്ക കാണാനില്ല. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഹോം ഗാർഡായി ജോലി ചെയ്യുന്ന 53 കാരനാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ഇടതു വൃക്ക കാണാനില്ലെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുപി ആരോഗ്യ വകുപ്പ് അറിയിച്ചു.
അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൾട്രാസൗണ്ട് പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അൾട്രാസൗണ്ട് പരിശോധിച്ചപ്പോൾ വൃക്ക നഷ്ടപ്പെട്ടതായി കണ്ടെത്തി. സുരേഷ് (പരാതിക്കാരൻ) പറയുന്നതനുസരിച്ച് ഏപ്രിൽ 14 ന് ഇടതു വൃക്കയിൽ കല്ലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അതേദിവസം ഓപ്പറേഷൻ നടത്തുകയും ചെയ്തു.
ഏപ്രിൽ 17ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കാസ്ഗഞ്ചിലെ ഒരു ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും അൾട്രാസൗണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു. തന്റെ ഒരു വൃക്ക നഷ്ടപ്പെട്ടത് ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് സുരേഷ് പറഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും അവരിൽ നിന്ന് ഉചിതമായ മറുപടി ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു.
അനസ്തേഷ്യയിലായതിനാൽ ഓപ്പറേഷൻ നടത്തിയ ഡോക്ടറെ തിരിച്ചറിഞ്ഞില്ലെന്നും സുരേഷ് പറഞ്ഞു. സുരേഷ് ഇപ്പോൾ കാസ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ (സിഡിഒ) ഓഫീസിലാണ് ജോലി ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് സച്ചിൻ എന്ന സിഡിഒ അന്വേഷണത്തിന് ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.