റോഡ് നിറഞ്ഞ് വിമാനം, ഗതാഗതം നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്; തിക്കിത്തിരക്കി കാഴ്ചക്കാരും

0
99

തിരുവനന്തപുരം: വിമാനം ആകാശത്തിലൂടെയല്ലേ പറക്കാറ്, പിന്നെ റോഡിലെന്താ കാര്യം എന്ന് ആരും ചിന്തിച്ചേക്കാം. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ അധികൃതർ പെടാപ്പാട് പെടുകയാണ് . ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ മണിക്കൂറുകളോളം കുടുങ്ങി.

എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 വിമാനമാണിത്. ആക്രിയായി വിൽപ്പനയ്ക്ക് വെച്ച വിമാനം ആന്ധ്ര സ്വദേശിയാണ് ലേലത്തിൽ പിടിച്ചത്. ഇതിനെ രൂപമാറ്റം വരുത്തി ഹോട്ടലാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് വിമാനം തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്.

ഇത് ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കിൽ ഇനിയും ഒരു മാസം സമയമെടുക്കും. ട്രെയിലർ നീങ്ങി നിരങ്ങി ഇന്നലെ ചവറ പാലത്തിയെത്തിയപ്പോൾ കൈവരിയിൽ കുരുങ്ങിപ്പോയി. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്. വിമാനത്തിന്റെ ചിറകുകളും പിന്നാലെ വരും. തിരുവനന്തപുരത്ത് വച്ച് ബസിൽ ഇടിച്ച് അപകടമുണ്ടായതിനാലാണ് ചിറകുകൾ വൈകി എത്തുന്നത്.

ഗതാഗതതടസം രൂക്ഷമെങ്കിലും ട്രെയിലറിൽ നീങ്ങുന്ന വിമാനം കാണാൻ ആളുകളുടെ നീണ്ട നിരയാണ് ഉള്ളത്. ആകാശത്ത് ശരവേഗത്തിൽ പറന്നിരുന്ന വിമാനത്തെയാണ് റോഡിലൂടെ ഒച്ചിഴയുന്ന വേഗത്തിൽ കൊണ്ടുപോകുന്നത്. എങ്കിലും കാഴ്ച്ചയിലെ പ്രൗഢിക്ക് തെല്ലും കുറവില്ല. വിമാനം കാണാൻ ചുറ്റും കൂടിയവർക്കെല്ലാം അത്ഭുതം. തൊട്ടു നോക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കുകയാണ് ആളുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here