രാജ്ഭവനിലെ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം; ഗവര്‍ണര്‍ക്ക് വഴങ്ങി പിണറായി സര്‍ക്കാര്‍; അനുനയനീക്കം

0
159

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍. രാജ്ഭവനിലെ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതുസംബന്ധിച്ചുള്ള ഫയല്‍ നേരത്തേ പൊതുഭരണ വകുപ്പു ധനവകുപ്പിനു കൈമാറിയിരുന്നു. തുക അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഈനിലപാട് തള്ളി തുക അനുവദിച്ചുള്ള ഫയല്‍ പൊതുഭരണ വകുപ്പു മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.

തുടര്‍ന്ന് മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കുകയായിരുന്നു. . രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയില്‍ കത്ത് നല്‍കിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

രാജ്ഭവനില്‍ ഇ-ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്വര്‍ക്കിങ് സംവിധാനവും ഒരുക്കുന്നതിന് 75 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സെപ്റ്റംബറിലാണ് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് രാജ്ഭവന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here